കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്താന്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടപടികള്‍. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം ഇല്ലാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന പ്രതിരോധ ക്രമീകരണങ്ങളില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും സഹകരണമുണ്ടാകണം.

കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിന് ഒരേ സമയം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി 5 പേര്‍ മാത്രമേ പാടുള്ളൂ. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങള്‍ ഉപയോഗിക്കാം. ജാഥ ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം. പൊതു യോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ അനുമതി ഉണ്ടായിരിക്കണം.

നോട്ടീസ്, ലഘുരേഖ എന്നിവയുടെ വിതരണം പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം പ്രയോജനപ്പെടുത്തുക. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ത്ഥികള്‍ക്ക് ബൊക്ക, നോട്ടുമാല, ഷാള്‍ എന്നിവ സ്വീകരണ പരിപാടിയില്‍ നല്‍കാന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ടെങ്കില്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ഉടന്‍തന്നെ പ്രചരണ രംഗത്ത് നിന്ന് മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍ പ്രവര്‍ത്തനം പാടുള്ളൂവെന്നും കലക്ടര്‍ പറഞ്ഞു.

പോളിംഗ് ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ഏജന്റുമാര്‍ 10ല്‍ കൂടാന്‍ പാടില്ല. പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കുന്നതാണ്. പോളിംഗ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്കു പുറത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സ്ലിപ്പ് വിതരണം നടത്തുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതണം. സ്ലിപ്പ് വിതരണത്തിന് രണ്ട് പേരില്‍ കൂടാന്‍ പാടില്ല. സ്ലിപ്പ് വിതരണം നടത്തുന്നവര്‍ മാസ്‌ക്, കൈയ്യുറ എന്നിവ ധരിക്കേണ്ടതാണ്. ബൂത്തിനകത്ത് ഒരേ സമയം 3 വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്. കോവിഡ് 19 പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റൈനിലു ള്ളവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുന്നതാണ്. വിജയാഹ്ലാദ പ്രകടനങ്ങള്‍ കോവിഡ് നിര്‍ദ്ദേശം പാലിച്ച് മാത്രമേ നടത്തുവാന്‍ പാടുള്ളു.

പരിസ്ഥിതി സൗഹൃദമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം ശുചിത്വമിഷന്‍ അവതരിപ്പിച്ചു.യോഗത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാര്‍, എഡിഎം റോഷ്‌നി നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോര്‍പ്പറേഷനിലെ 51 മുതല്‍ 75 വരെയുള്ള ഡിവിഷന്‍ പരിധിയിലെ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം പുതിയറ എസ്.കെ.ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായ സി ബിജു, സുധീര്‍ കൃഷ്ണന്‍, ഉമ്മന്‍ തോമസ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.