തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മോക് പോൾ ഇരിങ്ങാലക്കുട പഴയ താലൂക്ക് ഓഫീസിൽ നടത്തി. ത്രിതല പഞ്ചായത്തുകൾക്കുവേണ്ടി ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് യന്ത്രങ്ങളിലാണ് മോക്ക് പോൾ നടത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് മോക് പോൾ സംഘടിപ്പിച്ചത്.

ഓരോ വോട്ടിംഗ് യന്ത്രങ്ങളിലും 50 വീതം വോട്ടുകൾ രേഖപ്പെടുത്തി. സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളിൽതന്നെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് മോക്പോൾ നടത്തുന്നത്.
ജില്ലയിൽ ത്രിതല പഞ്ചായത്തുകൾക്കായി ആകെ 10304 ബാലറ്റ് യൂണിറ്റുകളും 3405 കൺട്രോൾ യൂണിറ്റുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലേക്കായി ആകെ 2824 പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ആകെയുള്ള കൺട്രോൾ യൂണിറ്റുകളുടെയും ബാലറ്റ് യൂണിറ്റുകളുടെയും ഒരുശതമാനമാണ് മോക്ക് പോളിനായി ഉപയോഗിക്കുക.

ആദ്യഘട്ട പരിശോധന കഴിഞ്ഞ വോട്ടിംഗ് യന്ത്രങ്ങളാണ് മോക് പോളിനായി ഉപയോഗിക്കുന്നതെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ യു. ഷീജാ ബീഗം പറഞ്ഞു. മുനിസിപ്പാലിറ്റികൾ കോർപ്പറേഷൻ എന്നിവടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ മോക്പോൾ വരും ദിവസങ്ങളിൽ നടത്തും. ഡെപ്യൂട്ടി തഹസിൽദാർ തോമസ് എംഎം, നോഡൽ ഓഫീസർ അയൂബ്ഖാൻ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോക് പോൾ നടന്നത്.