പട്ടികജാതി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി വികസന ഓഫീസര്‍മാരുടെയും പദ്ധതി നിര്‍വഹണ ഏജന്‍സികളുടെയും അവലോകന യോഗം കലക്‌ട്രേറ്റില്‍ ചേര്‍ന്നു.
വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിലവിലെ പുരോഗതി യോഗം വിലയിരുത്തി. പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന സ്വയം പര്യാപ്ത/അംബേദ്കര്‍ ഗ്രാമ പദ്ധതികള്‍, കോര്‍പ്പസ് ഫണ്ട്, ദുര്‍ബല വിഭാഗങ്ങളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളുടെ പുരോഗതി ചര്‍ച്ച ചെയ്തു.
സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ പുരോഗതിയും പരിശോധിച്ചു. നിര്‍മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു നിര്‍ദേശം നല്‍കി.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, ജോയിന്റ് സെക്രട്ടറി ഉഷ റ്റി. നായര്‍, ജോയിന്റ് ഡയറക്ടര്‍മാരായ എസ്. ബെജി അപ്രേം, ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടോമി ചാക്കോ, നാലു ജില്ലകളിലേയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.