ഓട്ടിസം ബാധിച്ച 18 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും പരിചരണവുമായി സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ എട്ടു വര്‍ഷമായി തുടരുന്ന ഓട്ടിസം ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു.   ജില്ലാ പഞ്ചായത്ത്, സര്‍വ്വ ശിക്ഷാ അഭിയാന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സാമൂഹിക നീതി വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, സന്നദ്ധ സംഘടനകള്‍ എന്നിവ ഏകോപിപ്പിച്ചാണ് വിപുലീകരണം. ക്ലിനിക്കിന്റെ സേവനം മെച്ചപ്പെടുത്തുന്നതിനായി ഏപ്രില്‍ 11ന് മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തും.
സെമിനാറിന് മുന്നോടിയായി ആരോഗ്യ ബോധവത്കരണം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത്, വിക്‌ടോറിയ ആശുപത്രി, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്, എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം, ദേശീയ ആരോഗ്യ മിഷന്‍, സര്‍വശിക്ഷാ അഭിയാന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം. ശിവശങ്കരപിള്ള റിപോര്‍ട്ട് അവതരിപ്പിച്ചു.
ഡോ. മിനി, ഡോ. ബിന്ദു തങ്കപ്പന്‍, ഡോ. പി. ജയ, ഡോ. എസ്. ഷബീര്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഡോ. ഹരികുമാര്‍, ഡോ. അനു ജെ. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന തലത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏകസ്ഥാപനമാണ് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഓട്ടിസം ക്ലിനിക്.  കൊല്ലം ജില്ലയിലേയും സമീപ ജില്ലകളിലേയും 1018 കുട്ടികള്‍ക്കും രക്ഷാകര്‍ത്താകള്‍ക്കും ചികിത്സാ സഹായവും പരിശീലനവും ഇതിനകം നല്‍കാനായി. അതിജീവനം എന്ന പേരില്‍ ഓട്ടിസം നിര്‍ണയ ക്യാമ്പ്, ആരോഗ്യകിരണം പദ്ധതി വഴി സൗജന്യമായി മരുന്ന് വിതരണം തുടങ്ങിയവയും നടപ്പിലാക്കി.