ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകളും റാലിയും സംഘടിപ്പിച്ചു. സാര്‍വ്വത്രിക ആരോഗ്യസേവനം എല്ലാവര്‍ക്കും എല്ലായിടത്തും എന്ന സന്ദേശം പകര്‍ന്നായിരുന്നു ഇത്തവണത്തെ ദിനാചരണം.
ചിന്നക്കട ജോയ് ആലുക്കാസ് ഷോറൂം പരിസരത്തു നിന്നാരംഭിച്ച റാലിയോടെയാണ്  പരിപാടികള്‍ തുടങ്ങിയത്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ. അശോകന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍,  ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ ട്രെയിനിംഗ് സെന്ററിലാണ് റാലി സമാപിച്ചത്.
ദിനാചരണത്തോടനുബന്ധിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷയായി. ഡെപ്യൂട്ടി ഡി.എം.ഒ മാരായ  ഡോ. മണികണ്ഠന്‍, ഡോ. സന്ധ്യ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ഡോ. പ്രീതി ജെയിംസിന്റെ നേതൃത്വത്തില്‍ ആരോഗ്യപരിരക്ഷാ  ക്ലാസും നടത്തി.
ഇതോടൊപ്പം റെയില്‍വേ സ്റ്റേഷന്‍, കലക്‌ട്രേറ്റ്, കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റാന്‍ഡ്, ജോയ് ആലുക്കാസ് ഷോറൂം എന്നിവിടങ്ങളില്‍ മെഡിക്കല്‍ ക്യാമ്പും നടത്തി. ട്രാവന്‍കൂര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പങ്കെടുത്ത ക്യാമ്പിന്  ഡോ. വിന്‍സി, ഡോ. നയന, ഡോ. തൗഫീക്ക്, ഡോ. മാളവിക എന്നിവര്‍ നേതൃത്വം നല്‍കി.