തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനുമായി രൂപീകരിച്ച മോണിറ്ററിങ് സെല്ലിന്റെ ആദ്യ യോഗം നവംബർ 18ന് ചേരും. വൈകിട്ട് 4.30ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിലാണു യോഗം.
കളക്ടർ അധ്യക്ഷയായ സമിതിയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണിയാണു കൺവീനർ. ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ എന്നിവർ അംഗങ്ങളാണ്.
മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട പരാതികളിൽ സമിതി തീരുമാനമെടുക്കുകയും കുറ്റക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങൾ ശുപാർശ ചെയ്യേണ്ടതും ഈ സമിതിയാണെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുണ്ടാകുന്ന സംശയങ്ങൾ നിവാരണം ചെയ്യുന്നതിനും സമിതി നടപടി സ്വീകരിക്കും.