തൃശ്ശൂര്‍  : തദ്ദേശ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/മുനിസിപ്പൽ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

അച്ചടിക്കുന്നതിനു മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായ് രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിലുള്ള പ്രഖ്യാപനം പ്രസുടമ നൽകേണ്ടതും അച്ചടിച്ച ശേഷം മേൽപ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകർപ്പ് സഹിതം പ്രസുടമ നിശ്ചിത ഫോറത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു തരേണ്ടതുമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയുടെ ലംഘനം ആറുമാസത്തോളം ആകാവുന്ന തടവുശിക്ഷയോ, 2000രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്ന കുറ്റമാണ്.