തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആൾക്കൂട്ടം, ജാഥ എന്നിവയും പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണു നിയന്ത്രണങ്ങൾ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ സ്ഥാനാർഥികൾ തയാറാകണമെന്നു കളക്ടർ പറഞ്ഞു. ഭവന സന്ദർശനത്തിൽ പരമാവധി അഞ്ചു പേർ മാത്രമേ പാടുള്ളൂ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം ഭവന സന്ദർശനം നടത്തേണ്ടത്.
റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങൾ നടത്തുന്നതിനു മുൻപ് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും കളക്ടർ പറഞ്ഞു.