കൊച്ചി: പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജില്ലയില്‍ പ്രത്യേകിച്ചു കിഴക്കന്‍ മേഖലകളിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വെള്ളംശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ടയറുകള്‍, റബ്ബര്‍തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍, ചെടിച്ചെട്ടികളുടെ അടിയില്‍ വെക്കുന്ന പാത്രങ്ങള്‍, വീടിന്റെ സണ്‍ഷെയ്ഡ്, മരപ്പൊത്തുകള്‍, കൊക്കോയുടെ തോട്, കെട്ടിട നിര്‍മാണസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുമെന്നതിനാല്‍ ഈ സാഹചര്യങ്ങള്‍ അടിയന്തിരമായി ഒഴിവാക്കണം. മുട്ട വിരിഞ്ഞു പൂര്‍ണ്ണവളര്‍ച്ചയെത്തിയ കൊതുക് ആകുന്നതിനുള്ള കാലാവധി ഒരാഴ്ചയായതിനാല്‍ എല്ലാവരും ആഴ്ചയില്‍ ഒരിക്കല്‍ ഇപ്രകാരം കൊതുകിന്റെ ഉറവിട നശീകരണം (െ്രെഡഡേ) നടത്തണം. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായുള്ള ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സജീവ പങ്കാളികളാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലായിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും, യുവജന സംഘടനകളുടെയും നേതൃത്വത്തിലും പങ്കാളിത്തത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്ന് തടിച്ചപാടുകളും ഉണ്ടാകാം. ഒരുപ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി പലരോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാല്‍ സ്വയംചികിത്സിക്കാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പനി പൂര്‍ണമായും മാറുന്നതുവരെ വിശ്രമിക്കേണ്ടതും, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍ തുടങ്ങിയവ ധാരാളം കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനിബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും, ഉറങ്ങുന്നതും പൂര്‍ണമായും കൊതുകുവലക്കുള്ളില്‍ ആയിരിക്കണം.