ഇടുക്കി മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും ഹോസ്റ്റല്‍ സമുച്ചയ നിര്‍മ്മാണം ആരംഭിക്കുന്നതിനും ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
അക്കാദമിക് ബ്ലോക്കിലെ ശേഷിക്കുന്ന ജോലികളും ഇലക്ട്രിക്കല്‍, സീലിംഗ്, ടൈല്‍ വിരിക്കല്‍ ജോലികള്‍ എന്നിവ മെയ് അവസാനത്തോടെ തീര്‍ക്കാനാകുമെന്ന് കിറ്റ്‌കോ അറിയിച്ചു. ഓഫീസ്, ലാബ് എന്നിവിടങ്ങളിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് യോഗം നിര്‍ദ്ദേശം നല്‍കി. ഒന്നും രണ്ടും വര്‍ഷങ്ങളില്‍ ആവശ്യമുള്ള മെഡിക്കല്‍ ലാബ് ഉപകരണങ്ങളില്‍ നിലവിലുള്ളവയ്ക്ക് പുറമെ ആവശ്യമായവയുടെ പട്ടിക തയ്യാറാക്കി നല്‍കുന്നതിന് പ്രിന്‍സിപ്പാളിനെ ചുമതലപ്പെടുത്തി.
യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. ജോര്‍ജ്ജ്, പ്രിന്‍സിപ്പാള്‍ ഡോ. പി.പി. മോഹനന്‍, ഡി.എം.ഒ ഡോ.പി.കെ സുഷമ, തഹസീല്‍ദാര്‍ എസ്. ശ്രീജിത്, കെ.എസ്.ഇ.ബി എക്‌സി. എഞ്ചിനീയര്‍ വി.എസ്. ബാലു, അസി. എക്‌സി. എഞ്ചിനീയര്‍ ജയശ്രീ ദിവാകരന്‍, കിറ്റ്‌കോ പ്രതിനിധികളായ എം.എസ് ഷാലിമാര്‍ , സുനില്‍ജോര്‍ജ്ജ് , സുഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
