ലോകത്തിനു തന്നെ മാതൃകയായ ആരോഗ്യമേഖലയിലെ പുതിയ വെല്ലുവിളികളെ ജനകീയമായി ഏറ്റെടുക്കണമെന്ന് ലോകാരോഗ്യദിന പരിപാടികളുടെ ജില്ലാതല സെമിനാര്‍ അഭിപ്രായപ്പെട്ടു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലൂന്നി സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും എല്ലായിടത്തും എന്ന സന്ദേശമാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്. ലോകാരോഗ്യ ദിനസന്ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. സുഷമ വിശദീകരിച്ചു.
സെമിനാറിനു മുന്നോടിയായി നടന്ന റാലി മുരിക്കാശ്ശേരി ബസ് സ്റ്റാന്‍ഡില്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.എന്‍. പുഷ്പ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡാബ്ക്രൂ, ചെറുതോണി ടീം അവതരിപ്പിച്ച ഫ്‌ളാഷ്‌മോബ് വളരെ ആകര്‍ഷകമായി. ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്ന റാലി മുരിക്കാശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫെബിന്‍ രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി. സുരേന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍ ഉമേഷ്, ഡെയ്‌സി സെബാസ്റ്റ്യന്‍, സി.ഡി.എസ് വൈസ് ചെര്‍പേഴ്‌സണ്‍ സൗദാമിനി, ഡോ.ഷെറിന്‍ മേരിമാത്യു, ഡോ. ചന്തു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാര്‍ ഡോ. ദീപുകൃഷ്ണ നയിച്ചു. മാസ്മീഡിയ ഓഫീസര്‍ വി.എന്‍. പീതാംബരന്‍ സ്വാഗതവും ശിവസുതന്‍ നന്ദിയും പറഞ്ഞു. ആരോഗ്യ സെമിനാറിനൊപ്പം ആരോഗ്യ സന്ദേശങ്ങളുടെ പ്രദര്‍ശനവും നടന്നു.