കാസര്‍കോട് ജില്ലയിലെ പിലിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പിലിക്കോട് കാലിക്കടവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. ഈ നേട്ടം കൈവരിച്ചതിലൂടെ പിലിക്കോട് രാജ്യാന്തര ശ്രദ്ധ കൈവരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പഞ്ചായത്തുകള്‍ക്കും ഇത് ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ സംരക്ഷണത്തിനായി ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്ത് എന്ന ബഹുമതിയാണ് ഇതോടെ പിലിക്കോടിന് സ്വന്തമായത്. കേരള എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയില്‍ നടപ്പിലാക്കിയ ‘ഊര്‍ജയാനം’ പദ്ധതിയിലൂടെയാണ് ഈ നേട്ടം. 40,000 ഫിലമെന്റ് ബള്‍ബുകള്‍ പഞ്ചായത്തിലെ വീടുകള്‍,കടകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി മാറ്റി എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുവാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യമായി വൈദ്യുതി പാഴാക്കുന്നത് തടയാന്‍ പ്രാദേശികമായി എന്തു ചെയ്യാമെന്ന അന്വേഷണമാണ് ‘ഊര്‍ജ്ജയാനം’ പരിപാടിയിലേക്ക് പഞ്ചായത്തിനെ നയിച്ചത്. ഗാര്‍ഹിക ഉപയോഗം ഉള്‍പ്പെടെ 10,000 വൈദ്യുത ഉപയോക്താക്കളാണ് പിലിക്കോട് പഞ്ചായത്തിലുള്ളത്. പദ്ധതി നടപ്പിലായതോടെ കഴിഞ്ഞ വര്‍ഷം 1,20,328 യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞതായാണ് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ കണക്ക്. ഇത് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡും പിലിക്കോടിന് ലഭിച്ചിരുന്നു.
എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ സന്തോഷ്ട്രോഫി ഫുട്ബോള്‍ കിരീടം നേടിയ കേരള ടീമിലെതാരവും പിലിക്കോട് സ്വദേശിയുമായ കെ.പി രാഹുലിനെ മുഖ്യമന്ത്രി ഉപഹാരം നല്കി അനുമോദിച്ചു. പി.കരുണാരന് എം.പി മുഖ്യാതിഥിയായിരുന്നു. ഖാദിബോര്ഡ്വൈസ് ചെയര്മാന് എം.വി ബാലകൃഷ്ണന്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന്, ജില്ലാപഞ്ചായത്ത് അംഗം പി.വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കൃഷ്ണന്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്, ഇ.കുഞ്ഞിരാമന്, കെ.വി ഗംഗാധരന്, ബങ്കളം കുഞ്ഞികൃഷ്ണന്, ടി.കെ പൂക്കോയ തങ്ങള്‍, എന്‍ ഭാസ്കരന്, ടി. പി അടിയോടി, പി.വി ഗോവിന്ദന്, അനര്‍ട്ട് ഡയറക്ടര്‍ ആര്.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇ എം സി ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന് സ്വാഗതവും സംഘാടകസമിതി ജനറല്‍കണ്‍വീനര്‍ എംകെ ഹരിദാസ് നന്ദിയും പറഞ്ഞു. പ്രഖ്യാപനത്തിന് മുന്നോടിയായി കാലിക്കടവ് സിന്‍ഡിക്കേറ്റ് ബാങ്കിന് സമീപം അനെര്‍ട്ടിന്റെയും ഇഎംസി കേരളയുടെയും സഹകരണത്തോടെ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.