വികസനത്തിന് ഊന്നല്‍ നല്കി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുമെന്ന് വനം-ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ആഘോഷ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെ.പി.എസ് മേനോന് ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കുന്ന വിധത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും പൂര്‍ത്തിയായ പദ്ധതികളുടെയും ഭരണാനുമതി ലഭിച്ച പുതിയ പദ്ധതികളുടെയും ഉദ്ഘടാനം മെയ് ഒന്നു മുതല്‍ മെയ് 30 വരെ സംഘടിപ്പിക്കും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുളള വികസന സെമിനാര്‍, വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലുളള പ്രദര്‍ശനങ്ങള്‍, കലാസാംസ്ക്കാരിക പരിപാടികള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടത്തും. മെയ് 14 മുതല്‍ 20 വരെ നാഗമ്പടം (പോപ്പ്) മൈതാനത്താണ് എക്സിബിഷന് സംഘടിപ്പിക്കുക. മെയ് 2ന് കുട്ടികള്‍ക്കുളള യൂണിഫോമും പുസ്തകങ്ങളും സ്കൂള്‍ തലത്തില്‍ വിതരണം ചെയ്യും. ഇതിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രിസഭാവാര്‍ഷികത്തിന്റെ ഭാഗമായി നടക്കും. 150 ലേറെ പൂര്‍ത്തിയായ പദ്ധതികളുടെയും പുതിയ പദ്ധതികളുടെയും ഉദ്ഘാടനങ്ങളും ജില്ലാതലത്തിലും നിയോജക മണ്ഡലങ്ങള്‍ (എം.പി, എം.എല്‍.എ ഫണ്ട്), ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ കേന്ദ്രീകരിച്ച് സംഘടിപ്പിക്കും. രാഷ്ട്രീയത്തിനധീതതമായ പങ്കാളിത്തം ആഘോഷ പരിപാടികളില്‍ ഉണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ജില്ലയുടെ ചുമതലയുളള മന്ത്രി കെ. രാജു, എം.പിമാരായ ജോസ് കെ മാണി, ജോയി എബ്രഹാം, ആന്റോ ആന്റണി, കൊടിക്കുന്നേല്‍ സുരേഷ്, എം.എല്‍.എമാരായ അഡ്വ. കെ സുരേഷ് കുറുപ്പ്, സി. കെ ആശ, ഡോ. എന്‍ ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഉമ്മന്‍ചാണ്ടി, സി.എഫ് തോമസ്, പി.സി ജോര്‍ജ്ജ്, മോന്‍സ് ജോസഫ്, കെ.എം. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി എന്നിവര്‍ സംഘാടക സമിതിയുടെ രക്ഷാധികാരികളാണ്. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി സംഘാടക സമിതി ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് കണ്‍വീനറുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യം ഉളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. എം.എല്‍.എമാരായ സി. കെ ആശ, ഡോ.എന്‍ ജയരാജ്, അഡ്വ. കെ സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, നഗരസഭ ചെയര്മാന്മാരായ ഡോ. പി.ആര് സോന (കോട്ടയം), ഇന്ദിരാദേവി (വൈക്കം), ജോയി മണ്ണാമല (ഏറ്റുമാനൂര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി സ്വാഗതവും പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു.