പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള ജില്ലാതല പരിശീലന ക്യാമ്പ് ആരംഭിച്ചു. ആരോഗ്യ വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, കില, സാക്ഷരത മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ നിര്‍വഹിച്ചു. മഴക്കാലത്തെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി സര്‍ക്കാരിനൊപ്പം പൊതുജനങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. പകര്‍ച്ചവ്യാധി പ്രതിരോധം കുട്ടികളിലൂടെ എന്നതാണ് ജാഗ്രതോത്സവം ലക്ഷ്യം വെയ്ക്കുന്നത്- അദ്ദേഹം പറഞ്ഞു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശീലനമാണ് തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടന്നത്. ഈ മാസം 18 മുതല്‍ 21 വരെ ബ്ലോക്ക് തലത്തിലുള്ള പരിശീലന പരിപാടികള്‍ നടത്തും. അഞ്ചാം ക്ലാസു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിശീലന പരിപാടിയാണ് നടത്തുന്നത്. വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും ഉണ്ടാവണമെന്ന അവബോധം കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് പരിശീലന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. 18, 19 തീയതികളില്‍ ബ്ലോക്ക്തല പരിശീലന പരിപാടിയുടെ ആദ്യഘട്ടം ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കടുത്തുരുത്തി, ളാലം, മാടപ്പള്ളി, പള്ളം ബ്ലോക്ക്കളില്‍ നടക്കും. ഡെപ്യൂട്ടി ഡി എം ഒ. ഡോ. എന്‍. പ്രിയ, അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി.എസ് ഷിനോ, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, കില കോ-ഓര്‍ഡിനേറ്റര്‍ മനോഹരന്‍, സാക്ഷരത മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ കൊച്ചുറാണി എന്നിവര്‍ പങ്കെടുത്തു.