ഡിസംബര്‍ 14 ന് അവസാനഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റും പോസ്റ്റല്‍ ബാലറ്റും അയക്കുന്നതിന് ഞായറാഴ്ച (ഡിസംബര്‍ 13) പോസ്റ്റ് ഓഫീസുകളില്‍ ക്രമീകരണം ഒരുക്കാന്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ കത്ത് നല്‍കി. ഞായറാഴ്ച (ഡിസംബര്‍ 13) അവധി ആയതിനാല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നതിന് തടസ്സം നേരിടാതിരിക്കാനാണ് നടപടി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിങ്കളാഴ്ചയാണ് (ഡിസംബര്‍ 14) തിരഞ്ഞെടുപ്പ്. ഞായറാഴ്ച വൈകിട്ട് മൂന്ന് വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നേരിട്ട് എത്തിച്ചു കൊടുക്കാന്‍ കഴിയാത്തവര്‍ക്കാണ് തപാല്‍ മാര്‍ഗ്ഗം അയച്ചു കൊടുക്കുന്നത്.
മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
തദ്ദേശ തിരഞ്ഞെടുപ്പില്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം കോര്‍പ്പറേഷനിലെ അഞ്ചാലുംമൂട് വാര്‍ഡിലെ മൂന്നാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലെ പോളിംഗ് ഓഫീസര്‍ സജി സഖറിയ, കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കമുകിന്‍കോട് വാര്‍ഡിലെ രണ്ടാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലെ പോളിംഗ് ഓഫീസര്‍ ബിനു. കെ. ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം (ഡിസംബര്‍ 7) രാത്രിയില്‍ ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി ബന്ധപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ വരണാധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പകരം റിസര്‍വിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.