തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച ( ഡിസംബര്‍ 14) നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  42,87,597  പുരുഷന്‍മാരും  46,87,310  സ്ത്രീകളും 86         ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതില്‍ 71,906  കന്നി വോട്ടര്‍മാരും  1,747 പ്രവാസി ഭാരതീയരായ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 10,842 പോളിംഗ് ബൂത്തുകളാണ്  സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്  ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. 1,105 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും  ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത പോളിംഗ് ബൂത്തുകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കാന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഞായറാഴ്ച (ഡിസംബര്‍ 13) വൈകിട്ട് മൂന്ന് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് പോസിറ്റീവ്   ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ  ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്‌റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന്  കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍(11),  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു. വോട്ടെണ്ണല്‍ ബുധനാഴ്ച( ഡിസംബര്‍ 16) നടക്കും.


വോട്ടിംഗ് യന്ത്രം: ബട്ടണമര്‍ത്താന്‍ പേന പാടില്ല

വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തുന്നതിന് പേനയോ മറ്റ് വസ്തുക്കളോ ഉപയോഗിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.  ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഈ രീതിയില്‍ വോട്ട് ചെയ്യുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.