കൊച്ചി: അവധിക്കാലം അടിച്ചു പൊളിക്കുന്ന കുട്ടികള്‍ക്കായി അങ്കമാലി നഗരസഭയുടെ കിടിലന്‍ സമ്മാനം. കളിക്കാനും ഉല്ലസിക്കാനുമായി കുട്ടികള്‍ക്ക് ഒരു പാര്‍ക്കാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. ഒരു കോടി രൂപയ്ക്കടുത്ത് ചെലവിട്ട് നഗരത്തിനോടു ചേര്‍ന്ന് എം.സി റോഡരികില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്ക് 25 ന് ജലവിഭവവകുപ്പു മന്ത്രി മാത്യു.ടി.തോമസ് പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കും.
അങ്കമാലിക്കാര്‍ക്ക് പാര്‍ക്കില്‍ പോകണമെങ്കില്‍ ആലുവയിലോ എറണാകുളത്തോ വരണം. യാത്രാ ദൂരവും പണച്ചെലവും കൂടുതലാണ്. സാധാരണക്കാര്‍ക്ക് എത്തിപ്പെടാനും ബുദ്ധിമുട്ട്. ഇതിനൊരു പരിഹാരമായിട്ടാണ് അങ്കമാലിയിലൊരു പാര്‍ക്ക് എന്ന ആശയം ഉയര്‍ന്നത്.
കഴിഞ്ഞ 25 വര്‍ഷമായി നഗരസഭയുടെ ബജറ്റില്‍ പാര്‍ക്കുണ്ട്. പക്ഷേ പല കാരണങ്ങളാലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോവുകയായിരുന്നു. ഒടുവില്‍ ചെയര്‍പേഴ്‌സണ്‍ എം.എ.ഗ്രേസിയുടെ ഭരണം പാര്‍ക്കിനെ കടലാസിലൊതുങ്ങുന്നതില്‍ നിന്നും രക്ഷപ്പെടുത്തി. ആരുടെയും സ്‌പോണ്‍സര്‍ഷിപ്പോ മറ്റു സഹായങ്ങളോ സ്വീകരിക്കാതെ നഗരസഭ മുഴുവന്‍ ചെലവും ഏറ്റെടുത്താണ് പാര്‍ക്ക് നിര്‍മ്മിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ക്ക് നിര്‍മാണത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. നഗരത്തിനോടു ചേര്‍ന്ന് എം.സി റോഡരികില്‍ തന്നെ നഗരസഭ ഇതിനു വേണ്ട സ്ഥലം കണ്ടെത്തി. ആദ്യകാലത്ത് മാലിന്യം നിറഞ്ഞ പൊട്ടക്കുളമായിരുന്നു ഈ പ്രദേശം. പിന്നീട് ആര്‍.ടി.ഒ. ഓഫീസിന്റെ െ്രെഡവിംഗ് ടെസ്റ്റ് നടക്കുന്ന ഇടമായി മാറി. ഇപ്പോള്‍ സര്‍ക്കാര്‍ പുറമ്പോക്കായ ഭൂമി കുട്ടികളുടെ പാര്‍ക്കിനായി വഴിമാറുകയായിരുന്നു.
പാര്‍ക്കിനായുള്ള രൂപകല്പനകളെല്ലാം നഗരസഭ തന്നെയാണ് തയാറാക്കിയത്. കുട്ടികളുടെ കളിയുപകരണങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ തന്നെ ഒരുക്കിയിരിക്കുന്നു. ദിനോസറിന്റെ കൂറ്റന്‍ പ്രതിമയും കളിപ്പാട്ടമായി ഹെലികോപ്റ്ററും കുഞ്ഞുങ്ങളെ കാത്തിരിപ്പുണ്ട്. മുതിര്‍ന്നവര്‍ക്കായി വിസ്തൃതമായ നടപ്പാതയും ഉണ്ട്. ഇത് രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്നവര്‍ക്ക് അനുഗൃഹീതമാണ്. നടത്തത്തോടൊപ്പം പാര്‍ക്കിന്റെ മനോഹാരിതയും നുകരാം.
മോടികൂട്ടുന്നതിനായി ഈന്തപ്പനകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി തൃശൂരില്‍ നിന്നും പ്രത്യേകം ഈന്തപ്പനതൈകള്‍ കൊണ്ടുവരികയായിരന്നു. ധാരാളം ഫലവൃക്ഷ ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. നഗരസഭയുടെ തനതു ഫണ്ടും പ്ലാനിംഗ് ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം. ഒരേ സമയം 600 പേര്‍ക്കിരുന്ന് പരിപാടികള്‍ ആസ്വദിക്കാവുന്ന ഓപ്പണ്‍ സ്‌റ്റേജും ഇതോടൊപ്പം ഉണ്ട്. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ പരിഗണനയിലുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ എംഎ ഗ്രേസി പറഞ്ഞു. ഉദ്ഘാടന ശേഷം മറ്റു രൂപരേഖകള്‍ തയാറാക്കി പാര്‍ക്ക് കൂടുതല്‍ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവേശനത്തിന് നിലവില്‍ പൊതുജനങ്ങളില്‍ നിന്നും ഫീസൊന്നും വാങ്ങേണ്ടെന്നാണ് തീരുമാനമെന്നും എം എ ഗ്രേസി പറഞ്ഞു. ഏറെക്കാലമായി അങ്കമാലിക്കാരുടെ സ്വപ്നമായിരുന്ന പാര്‍ക്കിന്റെ ഉദ്ഘാടനം ഗംഭീരമാക്കാനുള്ള നെട്ടോട്ടത്തിലാണ് ചെയര്‍പേഴ്‌സണും മറ്റു കൗണ്‍സിലര്‍മാരും.