ഈരാറ്റുപേട്ട ബ്‌ളോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ സൗരോര്‍ജ്ജ പദ്ധതി വിജയത്തിലേക്ക്. കെല്‍ട്രോണുമായി സഹകരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് സോളാര്‍ വൈദ്യുതി നിലയം സ്ഥാപിച്ചത്. സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് വിജയകരമായ ഒരു മാസം പിന്നിടുമ്പോള്‍ വൈദ്യുതി ബില്ല് ഇനത്തില്‍ ബ്ലോക്ക് ലാഭിച്ചത് 12,500 രൂപയാണ്. ഇതോടെ ഒരു വര്‍ഷം കൊണ്ട് 1,50,000 രൂപ വാര്‍ഷിക ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി 2017-18 പദ്ധതി വിഹിതത്തില്‍ നിന്നും 10 ലക്ഷം രൂപയാണ് ബ്ലോക്ക് ചെലവിട്ടത്. വൈദ്യുതി ഉല്‍പാദനത്തില്‍ 10 കി.വാട്ടാണ് സ്റ്റേഷന്റെ ശേഷി. തൊടുപുഴ- മലങ്കര ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്റെ ശേഷിക്ക് തുല്യമാണിത്. മലങ്കര പവര്‍ സ്റ്റേഷന്റെ മുതല്‍ മുടക്കിന്റെ നൂറില്‍ ഒരു ശതമാനം മാത്രം മുടക്കിയാണ് ബ്ലോക്ക് ഈ അപൂര്‍വ്വ നോട്ടം കൈവരിച്ചത്. ഒരു വര്‍ഷം കൊണ്ട് ഏകദേശം 5000 യൂണിറ്റ് വൈദ്യുതി ലാഭിക്കാനും പദ്ധതിക്കു കഴിയും.

ദിവസം മുഴുവന്‍ ഓഫീസില്‍ വൈദ്യുതി ലഭ്യമാകുന്ന ഓഫ്‌ലൈന്‍ ഗ്രിഡ് മോഡ് സോളാര്‍ നിലയമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഓഫീസിലെ പതിനെട്ടോളം കമ്പ്യൂട്ടറുകള്‍, യുപിഎസ്, ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍,നാല്‍പത് ട്യൂബ് ലൈറ്റുകള്‍, 25 ഫാനുകള്‍, 3 ഏസി തുടങ്ങി മീറ്റിങ് ഹാളുവരെ പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജ്ജത്തിലാണ്.

സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമാകുന്ന ഒരു പ്രവര്‍ത്തനമാണ് ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ആര്‍.പ്രേംജി പറഞ്ഞു. പൂര്‍ണമായും പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഊര്‍ജ്ജോല്‍പാദന പദ്ധതി മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അനുകരണീയമായ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് ബ്ലോക്ക് പ്രതീക്ഷിക്കുന്നത്. വൈദ്യുതി എത്താത്ത പട്ടികവര്‍ഗ മേഖലകളില്‍ ലൈന്‍ എക്സ്റ്റന്‍ഷന്‍ നടത്തി വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയും ഈ വര്‍ഷം ഈരാറ്റുപേട്ട ബ്ലോക്ക് പൂര്‍ത്തിയാക്കിയിരുന്നു.