കോട്ടയം ജില്ലാപഞ്ചായത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന വിനോദ വിശ്രമകേന്ദ്രത്തിന് തറക്കല്ലിട്ടു. നെടുംകുന്നം, കങ്ങഴ, വെള്ളാവൂര്‍, പഞ്ചായത്തുകളുടെ സംഗമ സ്ഥാനമായ മുളയംവേലിയിലാണ് വയോജനകേന്ദ്രം നിര്‍മ്മിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് വര്‍ഗ്ഗീസ് ജോസഫ് മുരിക്കനാനിക്കല്‍, മത്തായി ജോസഫ് മുരിക്കനാനിക്കല്‍, ഇ സി കുര്യാക്കോസ് ഇടവെട്ടാല്‍ എന്നിവര്‍ സൗജന്യമായി നല്‍കിയ 30 സെന്റ് സ്ഥലത്താണ് വയോജനകേന്ദ്രം ഉയരുന്നത്. 30 ലക്ഷം രൂപയാണ് വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് ആദ്യഘട്ടമായി ചെലവഴിക്കുന്നത്. വയോജനങ്ങള്‍ക്ക് ആതുര ശുശ്രൂഷയടക്കം പ്രാഥമിക ചികിത്സ സൗകര്യങ്ങളും വയോജനകേന്ദ്രത്തില്‍ ലഭിക്കും. ജനസംഖ്യയില്‍ 20% വരുന്ന വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള പുതുമയാര്‍ന്ന ഒരു പദ്ധതിയാണ് കോട്ടയം ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്നത്. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യയുടെ അദ്ധ്യക്ഷതയില്‍ ജില്ലാപഞ്ചായത്തംഗം അജിത് മുതിരമല വിനോദ വിശ്രമകേന്ദ്രത്തിന് തറക്കല്ലിട്ടു. വയോജനകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനൊപ്പം അവഗണിക്കപ്പെട്ടു കിടന്ന ഒരു പ്രദേശത്തിന്റെ വികസനം കൂടിയാണ് ലക്ഷ്യമാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 120 ദിവസം കൊണ്ട് 2000 സ്‌ക്വയര്‍ ഫീറ്റില്‍ കെട്ടിടം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ വയോജനങ്ങള്‍ക്ക് വന്നിരിക്കാനും ടി.വി കാണാനും വായിക്കാനും സൗകര്യമുള്ള ഒരു ഹാള്‍, ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താനുള്ള മുറി എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വയോജന കേന്ദ്രത്തിനോടനുബന്ധിച്ച് വിശാലമായ ഗ്രൗണ്ടും സജ്ജമാക്കുന്നുണ്ട്. പരിശീലനം നല്‍കുന്നതിനായി ഒരു ട്രെയിനറെയും നിയമിക്കും. നെടുംകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവി വി സോമന്‍, വാര്‍ഡ് മെമ്പര്‍ ഫിലോമിന ജെയിംസ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ രശ്മി എസ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.