നെടുമങ്ങാട് മോട്ടല്‍ ആരാം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാകും
12,000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങള്‍
തിരുവനന്തപുരം: ജില്ലയില്‍ ഏറ്റവുമധികം ടൂറിസം പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ഈ സര്‍ക്കാരിന്റെ കാലത്താണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നെടുമങ്ങാട് ടൂറിസം വകുപ്പ് പുതുതായി ആരംഭിക്കുന്ന മോട്ടല്‍ ആരാമിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  വിനോദസഞ്ചാരത്തിന് അനന്ത സാധ്യതയുള്ള ജില്ലയാണ് തിരുവനന്തപുരം. ഈ സാധ്യത മുന്നില്‍ കണ്ട് ഒട്ടനവധി  പദ്ധതികളാണ്  സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ജില്ലയിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി സഹകരിച്ചു പില്‍ഗ്രിം ടൂറിസം പദ്ധതി  നടപ്പിലാക്കി വരുന്നുണ്ട്. തിരുവിതാംകൂറിന്റെ പൈതൃക സംരക്ഷണത്തിനായി  ബൃഹത്തായ  പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, കല്ലാര്‍, പേപ്പാറ, ബ്രൈമൂര്‍, മങ്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വഴിയില്‍ നെടുമങ്ങാട് പട്ടണത്തിനു സമീപത്താണ് പുതിയ മൊട്ടല്‍ ആരാം ഒരുങ്ങുന്നത്. പത്ത് കോടി ചെലവില്‍ 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഭക്ഷണശാല, ഗസ്റ്റ് റൂം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തയാറാക്കുന്ന രൂപരേഖ പ്രകാരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംസ്ഥാന നിര്‍മിതി കേന്ദ്രമാണ്. ജലസേചന വകുപ്പ് ടൂറിസം വകുപ്പിന് കൈമാറിയ ഒന്നരയേക്കര്‍ സ്ഥലത്ത് 18 മാസത്തിനകം മൊട്ടല്‍ ആരാമിന്റെ നിര്‍മാണം പൂര്‍ത്തിയാകും.
ചടങ്ങില്‍ സി.ദിവാകരന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആറ്  ആംബുലന്‍സുകളുടെ താക്കോല്‍ദാനവും  മന്ത്രി നിര്‍വഹിച്ചു. മാണിക്കല്‍, കരകുളം,  അണ്ടൂര്‍കോണം, പോത്തന്‍കോട്, വെമ്പായം, പൂവത്തൂര്‍  പഞ്ചായത്തുകളിലെ വിവിധ  പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍,  കുടുംബാരോഗ്യ കേന്ദ്രങ്ങള്‍,  സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ആംബുലന്‍സുകള്‍ എം.എൽ.എ വാങ്ങി നൽകിയത്. ഒരു കോടി രൂപയാണ് ഇതിനു ചെലവായത്.
സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി.ബാല കിരണ്‍ സ്വാഗതം പറഞ്ഞു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സി.എം.ഡി കെ.ജി. മോഹന്‍ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എസ്.ശ്രീജ, മുന്‍ നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ എന്നിവര്‍ സംബന്ധിച്ചു.