തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി മികച്ച ട്രോമകെയര്‍ പരിശീലനത്തിന് തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്ററിനായി ഹൈദരാബാദിലെ മികച്ച ട്രോമകെയര്‍ സെന്ററുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ഇതിന്റെ ഭാഗമായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഹെദരാബാദിലെ കെയര്‍ ഹോസ്പിറ്റലും എമര്‍ജന്‍ന്‍സി മെഡിസിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

മികച്ച ആംബുലന്‍സ് സംവിധാവും അത്യാധുനിക എമര്‍ജന്‍സി മാനേജ്‌മെന്റ് സമ്പ്രായങ്ങളുമുള്ള ആശുപത്രിയാണ് കെയര്‍ ഹോസ്പിറ്റല്‍. അത്യാധുനിക മാനികിനുകളുടെ സഹായത്തോടെ വിദഗ്ദ ട്രോമകെയര്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് എമര്‍ജന്‍ന്‍സി മെഡിസിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. കേരളത്തിന്റെ സാഹചര്യത്തില്‍ ഇതെങ്ങനെ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പ്മന്ത്രി ചര്‍ച്ച നടത്തി.

കേരളത്തില്‍ മികച്ച ട്രോമകെയര്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ ഡോക്ടര്‍മാരുടെ സംഘം ഹൈദരാബാദിലെ ട്രോമകെയര്‍ സെന്ററുകള്‍ സന്ദര്‍ശിക്കുകയും അവിടത്തെ വിദഗ്ധസംഘം കേരളം സന്ദര്‍ശിക്കുകയും ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാന പരിശീലകേന്ദ്രം ആരംഭിക്കുന്നത്. ടാറ്റ ട്രസ്റ്റിനാണ് ഇതിന്റെ മൂന്ന് വര്‍ഷത്തെ നടത്തിപ്പ് ചുമതല. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. യു.കെ.യിലെ വാര്‍വിക് യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹിയിലെ എയിംസ് എന്നിവയുമായി സഹകരിച്ചാണ് സമഗ്ര ട്രോമകെയര്‍ സംവിധാനം നടപ്പിലാക്കുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍, 3 ലെവലിലുള്ള ട്രോമകെയര്‍ സംവിധാനം എന്നിവയാണ് സമഗ്ര ട്രോമകെയര്‍ സംവിധാനത്തിലുള്ളത്.

അപകടം സംഭവിച്ച് കഴിഞ്ഞുള്ള സുവര്‍ണ നിമിഷങ്ങള്‍ക്കകം (ഗോള്‍ഡന്‍ അവര്‍) തന്നെ അപകടത്തില്‍പ്പെട്ടയാളെ വളരെ ശ്രദ്ധയോടെ ആശുപത്രിയിലെത്തിക്കേണ്ടതുണ്ട്. അതിനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും മറ്റും നിരന്തര പരിശീലനം ആവശ്യമാണ്. ഈയൊരു ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രോമകെയര്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്.), അഡ്വാന്‍സ്ഡ് ക്രിറ്റിക്കല്‍ ലൈഫ് സപ്പോര്‍ട്ട് (എ.സി.എല്‍.എസ്.), എമര്‍ജന്‍സി കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്, മികച്ച സ്‌ട്രോക്ക് പരിചരണം തുടങ്ങിയ അടിയന്തിര പരിശിലനങ്ങളാണ് ഈ സ്ഥാപനത്തില്‍ സജ്ജമാക്കുന്നത്. ഇതോടൊപ്പം ഇവയുടെ പ്രോട്ടോകോളും പഠിപ്പിക്കുന്നു.

ട്രോമകെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ടാറ്റ ട്രസ്റ്റ് ഡയറക്ടര്‍ ഹെല്‍ത്ത് ഇനിഷേറ്റീവ് ശ്രീനിവാസ്, ടാറ്റ ട്രസ്റ്റ് എന്‍.എം.ആര്‍.ഐ. ഡോ. ശ്രീറാം, കെയര്‍ ഹോസ്പിറ്റല്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. രാജീവ് മേനോന്‍, ഇ.എം.ആര്‍.ഐ. ഡയറക്ടര്‍ ഡോ. രമണ്ണറാവു, പ്രസിഡന്റ് കൃഷ്ണംരാജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.