സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയിലൂടെ നൂറുശതമാനം ഭവനനിര്‍മ്മാണവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ചു. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പദ്ധതിയാണ് ലൈഫ് മിഷന്. ഉപ്പുതറ, വണ്ടന്മേട്, കാഞ്ചിയാര്‍, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപളളം എന്നീ ആറ് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പടുന്ന കട്ടപ്പന ബ്ലോക്ക്പഞ്ചായത്തില്‍ 2010-11 സാമ്പത്തികവര്‍ഷം മുതല്‍ 2016-17 വരെ വിവിധ പദ്ധതികളിലായി 2027 വീടുകളാണ് നിര്‍മ്മാണം മുടങ്ങികിടന്നിരുന്നത്. ഈ വീടുകളുടെ നിര്‍മ്മാണമാണ് ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതിയും ഔദ്യോഗിക സംവിധാനവും ഒറ്റക്കെട്ടായി നിന്ന് പൂര്‍ത്തീകരിച്ചത്. 11 വീടുകള്‍ പൂര്‍ത്തീകരിച്ച് വണ്ടന്മേട് ഗ്രാമപഞ്ചായത്താണ് കട്ടപ്പന ബ്ലോക്കില്‍ ഒന്നാമതെത്തിയത്. പ്രധാന്‍മന്ത്രി ആവാസ് യോജന ( പി. എം.എ.വൈ) പദ്ധതിയിലും ലൈഫ് മിഷന് പദ്ധതിയിലും സംസ്ഥാനതലത്തില്‍ ആദ്യം വീട് പൂര്‍ത്തീകരിച്ചത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്താണ്. സ്പില്ഓവറില്ലാതെ 28 വീടുകളാണ് പി. എം.എ.വൈ യില്‍ പൂര്‍ത്തീകരിച്ചത്.
പണത്തിന്റെ കുറവ്, ഏറ്റെടുക്കാനുളള പ്രാപ്തിയില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാണ് വീടുനിര്‍മ്മാണങ്ങളില്‍ പലതും പാതിവഴിയില്‍ മുടങ്ങുവാന്‍ കാരണമായത്. നിരന്തരമായ അദാലത്തുകള്‍ വിളിച്ചുകൂട്ടി ഗുണഭോക്താക്കളുടെ പ്രശ്നങ്ങളെ നേരിട്ടറിഞ്ഞ് പരിഹരിക്കുന്ന ശൈലിയാണ് ഭരണസമിതി സ്വീകരിച്ചത്. ഇത് ഫലപ്രാപ്തിയിലെത്തിച്ചു. നിര്‍മ്മാണസാമഗ്രികള്‍ കടമായി എടുക്കുന്നതിന് ജനപ്രതിനിധികള്‍ അവരുടെ ബന്ധങ്ങള്‍ വിനിയോഗിച്ചു. വീടുപണിക്കുളള തുക പരമാവധി അഡ്വാന്‍സായി നല്കി. സന്നദ്ധപ്രവര്‍ത്തകരുടെയും യുവാക്കളുടെയും സാമൂഹികപ്രതിബദ്ധത കൂടിയായപ്പോള്‍ ഭവനനിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ കരുത്താര്‍ജിച്ചുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോര്‍ജും ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ പി.എ മുഹമ്മദ് സലീമും പറഞ്ഞു.
സാങ്കേതികസഹായവുമായി കുട്ടിക്കാനം മാര്‍ ബസേലിയസ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് രംഗത്തുണ്ടായിരുന്നു. ചെലവുകുറഞ്ഞ വീടുകളുടെ മാതൃകകള്‍ അവര്‍ പാവങ്ങള്‍ക്കായി വരച്ചുനല്‍കി. കുട്ടിക്കാനം മരിയന്‍ കോളേജ് എന്‍.എസ്.എസ് ടീം കല്ലും മണ്ണും ചുമന്ന് കൈസഹായത്തിലുടെ വീടുനിര്‍മ്മാണത്തില്‍ പങ്കാളികളായി. ഉപ്പൂതറ ഗ്രാമപഞ്ചായത്തിലായിരുന്നു നിസ്സഹായ ഗുണഭോക്താക്കള്‍ കൂടുതലും.
പീരുമേട് വികസന സൊസൈറ്റി വീടുനിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തതോടെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായി. ബ്ലോക്ക്തല ഉദ്യോഗസ്ഥരിടെയും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെയും നിരന്തര ഇടപെടല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. 2017 മാര്‍ച്ച് മാസം ആയപ്പോള്‍ 1504 വീടുകള്‍ പൂര്‍ത്തീകരിച്ച് 523 വീടുകള്‍ അവശേഷിച്ചു. ഒക്ടോബര്‍ ആയപ്പോഴേക്കും 506 കൂടി പൂര്‍ത്തിയാക്കി 17 കുടുംബങ്ങള്‍ ബാക്കിയായി.
നവംബര്‍ ഒന്നാം തീയതി സര്‍ക്കാരിന്റെ ലൈഫ് മിഷന് നിലവില്‍ വന്നു. പുതുക്കിയ യൂണിറ്റ് തുകയായ നാലുലക്ഷത്തിന്റെ ശതമാനവര്ദ്ധനവ് നല്കി തീര്‍ത്തും പിന്നോക്കാവസ്ഥയിലായ 17 കുടുംബങ്ങളുടെ സ്വപ്നഭവനങ്ങള് കൂടി പൂര്‍ണ്ണതയിലെത്തിച്ചു. ചാരിറ്റബിള്‍ സംഘടനയായ വിന്‍സന്റ് ഡിപോള്‍ മുഖാന്തിരം കല്‍ത്തൊട്ടി തിരുകുടുംബദേവാലയ വികാരി ഫാ. മാത്യു ചേരോലില്‍ ഭവനനിര്‍മ്മാണ ചുമതലക്കാരനായി. തീര്‍ത്തും സാമ്പത്തികപ്രതിസന്ധി നേരിട്ട ഗുണഭോക്താവിന് പി.ഡി.എസ്സും സ്വരാജ് സെന്റ് പോള്‍സ് ചര്‍ച്ച് വികാരി ഫാ.തോമസ് പുല്ലാട്ടും സഹായവുമായെത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബ്ലോക്ക് ഡിവിഷന്മെമ്പര്മാരുടെയും ഉദ്യോഗസ്ഥരുടെയും സുമനസുകളുടെയും ഏകോപനത്തിലുടെ 2018 മാര്‍ച്ച് 28 ഓടെ ഏറ്റെടുത്ത എല്ലാവീടുകളും പൂര്‍ത്തീകരിച്ച് സുരക്ഷിത ഭവനം, അനുയോജ്യഭവനം എന്ന യാഥാര്‍ത്ഥ്യത്തിലെത്തിച്ചു. പാവപ്പെട്ടവന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ആത്മാഭിമാനത്തിനും ഇനിയും കൈതാങ്ങാകുവാന്‍ ഭവനരഹിതര്‍ക്ക് സ്വപ്നഭവനമൊരുക്കാന്‍ ഏഴുകോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷം ബ്ലോക്ക്പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തിയിരുക്കുന്നത്.
