എറണാകുളം : കോവിഡ് 19 സാഹചര്യത്തിൽ പുതുവർഷ ദിന ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കോവിഡ് 19 വ്യാപനം വർധിക്കാതിരിക്കാനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. പുതു വർഷ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം. മാസ്ക്, സാമൂഹിക അകലം , സാനിറ്റൈസേഷൻ ,ബ്രെക്ക് ദി ചെയിൻ നിർദേശങ്ങൾ എന്നിവ കർശനമായി പാലിക്കണം. പുതു വർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള കൂട്ടം കൂടൽ അനുവദിക്കില്ല. പുതു വർഷ രാവിൽ ( ഡിസംബർ 31)പൊതു സ്ഥലങ്ങളിൽ രാത്രി 10 മണിക്ക് ശേഷം ആഘോഷങ്ങൾ നടത്താൻ പാടില്ല. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കോവിഡ് നിയന്ത്രണ ലംഘനങ്ങൾ ചുമത്തി നിയമ നടപടി സ്വീകരിക്കും. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവികളും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും.
