എറണാകുളം : മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം 10,+2 വിദ്യാർത്ഥികൾക്കായി സ്കൂളുകൾ ജനുവരി 1 മുതൽ പ്രവർത്തനം ആരംഭിക്കും. ഡിസംബർ 17 മുതൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തികൾ നടത്തി വരികയാണ്. 50% ഹാജർ നില മാത്രമേ അനുവദിക്കൂ. ഇതിനായി രണ്ട് ഷിഫ്റ്റുകളിൽ ആയിരിക്കും ക്ലാസുകൾ നടക്കുന്നത്. സ്വന്തമായി വാഹനമില്ലാത്ത സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ യാത്ര സൗകര്യങ്ങൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌പോർട് അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. റെഗുലർ ക്ലാസുകൾ ആരംഭിക്കാത്തതിനാൽ അറ്റെൻഡൻസ് രേഖപ്പെടുത്തില്ല എങ്കിലും കുട്ടികളുടെ പ്രവർത്തന മികവ് അധ്യാപകർ രേഖപ്പെടുത്തും. യൂണിഫോമും നിർബന്ധം ആയിരിക്കില്ല.

സംശയ ദുരീകരണത്തിനും പ്രാക്ടിക്കൽ വിഷയങ്ങൾക്കും ആയിരിക്കും സ്കൂളുകളിൽ പ്രാധാന്യം കൊടുക്കുന്നത്. ഓൺലൈൻ ക്ലാസുകളിൽ സ്കൂളിൽ ഇരുന്ന് കൊണ്ട് തന്നെ പങ്കെടുക്കാനും സൗകര്യം ഒരുക്കും. ആദ്യ ദിനത്തിന് ശേഷം വിഷയങ്ങൾ അനുസരിച്ചു ക്ലാസുകൾ ക്രമീകരിക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാനായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ സ്കൂളുകളിൽ സന്ദർശനം നടത്തും. സ്കൂളുകളുടെ പ്രവർത്തനം ഒരാഴ്ച നിരീക്ഷിച്ച ശേഷം പ്രധാന അധ്യാപകൻ റിപ്പോർട്ട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കണം.

സ്കൂളുകൾക്ക് സമീപത്തെ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ,നേഴ്സ്, ഹെൽത്ത്‌ സൂപ്പർവൈസർ, പ്രധാന അധ്യാപകൻ, പി. ടി. എ പ്രതിനിധി, അധ്യാപക പ്രതിനിധി, എന്നിവരെ ഉൾപ്പെടുത്തി കോവിഡ് കമ്മിറ്റി രൂപീകരിക്കും. രോഗ ലക്ഷണമുള്ള വിദ്യാർത്ഥികളെ കോവിഡ് പരിശോധനക്ക് വിധേയനാക്കും. വിദ്യാർത്ഥിക്കോ വീട്ടിൽ ഉള്ള മറ്റ് ആളുകൾക്കോ കോവിഡ് ലക്ഷണങ്ങൾ ഇല്ല എന്ന് മാതാ പിതാക്കളുടെ സത്യവാങ്മൂലം വിദ്യാർത്ഥികൾ കയ്യിൽ കരുതണം.