തിരുവനന്തപുരം:  മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല സ്റ്റേഡിയം സിന്തറ്റിക്ക് മൾട്ടി പർപ്പസ് സ്റ്റേഡിയമാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. പദ്ധതിയുടെ നിർമാണോദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവ്വഹിച്ചു. കാട്ടാക്കട, മാറനല്ലൂർ പ്രദേശത്തെ കായിക പ്രേമികളുടെ ദീർഘനാളത്തെ സ്വപ്‌നമാണു കണ്ടല സ്റ്റേഡിയം.
കായിക രംഗത്തു പുത്തൻ മാറ്റങ്ങളാണു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ. പറഞ്ഞു. ഇത്തരം വികസന പ്രവർത്തങ്ങൾക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു ബാറ്റ്മിന്റൺ കോർട്ട്, ഒരു വോളിബാൾ കോർട്ട്, ഫ്‌ലഡ് ലൈറ്റ് സൗകര്യം, മൂവബിൾ പോസ്റ്റുകൾ, ഡ്രെയിനേജ് സൗകര്യം, ഫെൻസിംഗ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി  നിർമ്മിക്കുന്നത്. ഐ.ബി.സതീഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 33 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സ്‌പോർട്‌സ് വകുപ്പിനാണ് നിർമാണ ചുമതല. മൂന്നു മാസം കൊണ്ടു നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എം.എൽ.എ പറഞ്ഞു.
കണ്ടല സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,  ബ്ലോക്ക് മെമ്പർ ശാന്ത പ്രഭാകരൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.