തൃശ്ശൂർ: കേര ഉല്പാദനവും ശാസ്ത്രീയ സംസ്കരണവും ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് പരിശീലന ക്ലാസ്സ് നല്കി. നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്താണ് കേര കര്‍ഷകര്‍ക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത്. കാര്‍ഷിക രംഗത്തെ വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കുന്നതില് മുന്‍നിരയിലുള്ള അന്തിക്കാട് ഗ്രാമപഞ്ചായത്ത് കേര കര്‍ഷകരിലേക്ക് നൂതനമായ അറിവുകള്‍ പകരുന്നതിനാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. സയന്റിഫിക് കള്ട്ടിവേഷന് ടെക്നോളജി ആന്‍ഡ് വാല്യൂ അഡിഷന്’ എന്നപേരില്‍ വെബിനാര്‍ പരിശീലനത്തിന്റെ ഭാഗമായി നടത്തി.കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ജിജി പി അലക്സ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വെബിനാറില്‍ ഐ സി എ ആര് കൃഷി വിജ്ഞാന കേന്ദ്രം ഹെഡ് ഡോ. പി മുരളീധരന്, അഗ്രിക്കള്‍ചറല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്മെന്റ് ഹെഡ് ഡോ. കെ. പി സുധീര്‍ എന്നിവര്‍ ഓണ്‍ലൈനായി ക്ളാസെടുത്തു. അന്തിക്കാട് ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുമുള്ള കര്‍ഷകര്‍ വെബിനാറില്‍ പങ്കെടുത്തു. സമീപകാലത്ത് തെങ്ങിന് കണ്ടുവരുന്ന കേടുകള്‍, വിവിധ സാഹചര്യങ്ങളിലെ വള,കീടനാശിനി പ്രയോഗങ്ങള്‍, മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വിപണി സാധ്യതകള്‍ എന്നീ വിഷയങ്ങള്‍ ക്ലാസില്‍ വിശദീകരിച്ചു.
കേരകൃഷിയില്‍ നേരിട്ട അനുഭവങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് കര്‍ഷകര്‍ ചര്‍ച്ച നടത്തി. കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കാന്‍ മുന്‍കൈ എടുക്കുമെന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ കൃഷ്ണകുമാര്‍ പരിപാടിയില്‍ പറഞ്ഞു. അന്തിക്കാട് അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ കെ ജയമാലയായിരുന്നു പരിപാടിയുടെ കാര്യനിര്‍വഹണം നടത്തിയത്.