കണ്ണൂർ: ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ എന്ന ആശയം പ്രമേയമാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടത്തുന്ന ബോധവല്‍ക്കരണ- ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടന്നു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം കെ ദിലീപ് കുമാര്‍ അധ്യക്ഷനായി. ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ പ്രാധാന്യത്തെ കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ അധ്യക്ഷന്മാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും ചടങ്ങില്‍ നടന്നു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ബി രാജേന്ദ്രന്‍, അഡ്വ. പി വസന്തം എന്നിവര്‍ ക്ലാസെടുത്തു.
ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു. ഭക്ഷ്യ ഭദ്രത നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. മൂന്ന് പരാതികളാണ് ജനസമ്പര്‍ക്കത്തിലെത്തിയത്. ഇവ അടിയന്തര നടപടികള്‍ക്കായി അയച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ്കുമാര്‍, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി ജി മഞ്ജു, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി മനോജ്കുമാര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പരാതിപരിഹാര ഓഫീസര്‍ കൂടിയായ എഡിഎം ഇ പി മേഴ്‌സി, കമ്മീഷന്‍ അംഗങ്ങളായ വി രമേശന്‍, എം വിജയലക്ഷ്മി, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, ഉപഭോക്തൃ സംഘടനാ ഭാരവാഹികള്‍, റേഷന്‍ വ്യാപര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബുധനാഴ്ച കാസര്‍കോട് നിന്നും ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും.