കൊവിഡ് കാലത്ത് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന കളിമുറ്റം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. കൊവിഡ് കാലത്ത് കുട്ടികളില്‍ ഉണ്ടാവുന്ന ഒറ്റപ്പെടലും മാനസിക പ്രശ്‌നങ്ങളും പരിഹരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശിശു വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ പദ്ധതികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് കളിമുറ്റം പദ്ധതി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കുടുംബശ്രീ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍, ഐസിഡിഎസ് തുടങ്ങിയവരുമായി സഹകരിച്ചാണ്  കളിമുറ്റം പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീയുടെ ബാലസഭയിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ 2658 ബാലസഭകളിലായി 42087 കുട്ടികളാണ് അംഗങ്ങള്‍. പ്രാദേശികമായി തെരഞ്ഞെടുക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ബാലസഭയില്‍ കുട്ടികളുമായി ഇടപഴകി മാനസികമായി ഒറ്റപ്പെടുന്ന കുട്ടികളെ കണ്ടെത്തുകയും ജില്ലാ മാനസികാരോഗ്യവിദഗ്ദ്ധരുടെ സഹായം ഉറപ്പാക്കുകയും ചെയ്യും. പാഠ്യ പദ്ധതി പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികാസം, സാമൂഹ്യ സേവനം, കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ലിംഗ അവബോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അയല്‍ക്കൂട്ടം, വാര്‍ഡ്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍, ജില്ല എന്നിങ്ങനെ നാല് തലങ്ങളായാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
അഞ്ചരക്കണ്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ പഞ്ചായത്ത്് അംഗം ചന്ദ്രന്‍ കല്ലാട്ട്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പ്രസന്ന, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ അനില്‍കുമാര്‍, ഇ കെ സരിത, പി സജേഷ് , എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി കെ അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ.എം സുര്‍ജിത്ത്, എസ്എസ്എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, എന്‍ ഉഷ, ബാബു മണ്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ക്ലാസും കുട്ടികള്‍ക്കായുള്ള പോസ്റ്റര്‍ രചന മത്സരവും നടന്നു.