തൃശ്ശൂർ: സ്വന്തം കിടപ്പാടത്തിന്റെ പട്ടയത്തിനായി 50 വർഷങ്ങൾ അലഞ്ഞ തങ്കമണിക്ക് ഒടുവിൽ സ്വപ്ന സാഫല്യം. സ്വാന്തന സ്പർശം തർക്ക പരിഹാര അദാലത്തിൽ അപേക്ഷ സമർപ്പിക്കുമ്പോഴും അമിത പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല തങ്കമണിക്ക്.
രേഖകൾ പരിശോധിച്ച് ഒടുവിൽ പട്ടയം അനുവദിക്കാം എന്ന് അധികൃതർ അറിയിച്ചപ്പോൾ തോന്നിയ ആശ്വാസം പറഞ്ഞറിയിക്കാൻ ആകുന്നതല്ല ഈ എഴുപത്തിയഞ്ചുകാരിക്ക്.
മൂർക്കനിക്കര ചവറാട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ തങ്കമണി 50 വർഷങ്ങളായി താമസിക്കുന്ന മൂന്നേമുക്കാൽ സെന്റ് പുറമ്പോക്കിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അദാലത്തിൽ പരാതി കേട്ട കൃഷി മന്ത്രി വി എസ് സുനിൽകുമാർ പട്ടയത്തിന്റെ കാര്യത്തിൽ അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകുകയായിരുന്നു.
തൃശൂർ കൊഴുക്കുള്ളി വില്ലേജ് സർവ്വേ പ്രകാരം 113/13 ൽ 0.0607 എന്ന് രേഖപെടുത്തിയ ഭൂമിക്കാണ് പട്ടയം നൽകാൻ അനുമതിയായത്. സ്ഥലം ത്രികോണാകൃതിയിലായതിനാൽ വീട് വയ്ക്കാൻ പറ്റില്ലെന്നും അതിനാൽ പട്ടയം ലഭിക്കില്ലെന്നുമാണ് അധികൃതർ പറഞ്ഞിരുന്നത്.
പിന്നീട് വില്ലേജിൽ നിന്നും വന്ന ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് താലൂക്ക് ഓഫീസിലേക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തിരുന്നു.
എന്നാൽ തുടർന്നും പട്ടയം ലഭിച്ചില്ല. വീടിന്റെ പട്ടയം ഇല്ലാത്തതിനാൽ അറ്റക്കുറ്റപ്പണികൾ, പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താൻ കഴിഞ്ഞിരുന്നില്ല. 12 വർഷമായി ലോട്ടറി വിറ്റ് ജീവിക്കുന്ന തങ്കമണി ഭർത്താവിനോടൊപ്പം മകന്റെ കൂടെയാണ് താമസിക്കുന്നത്.