നിറവയറുമായി അദാലത്തിന് ഭാര്യ കൂട്ടിനെത്തി

തൃശ്ശൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് അവശനായ തൃശൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ മെക്കാനിക്കൽ ഗ്രേഡ് ജീവനക്കാരനായ ഡാർവിന് ശാരീരിക സ്ഥിതി കണക്കിലെടുത്തുകൊണ്ട് പുതിയ ജോലി നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ അദാലത്തിൽ ശുപാർശ ചെയ്തു.

മെക്കാനിക്കൽ സംബന്ധമായ ജോലികൾ ചെയ്യാൻ കഴിയാത്ത ഡാർവിന് ജോലിക്ക് പോവാൻ കഴിയാത്ത ദിവസങ്ങളിലെ ശമ്പളം നൽകാനും നടപടിയെടുക്കും. ഇതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങളും മന്ത്രി നൽകി.

2020 ഓഗസ്റ്റിൽ ചിയ്യാരം ചീരാച്ചി റോഡിൽ ഉണ്ടായ ബൈക്കപകടത്തിലാണ് ഡാർവിന്റെ തലക്ക് സാരമായി പരിക്കേറ്റത്. തുടർന്ന് മരണത്തോടു മല്ലിട്ട് 6 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. സെറിബല്ലത്തിന്റെ പ്രവർത്തനം ക്രമം തെറ്റിയതിനെ തുടർന്ന് ഡാർവിന് ഓർമ ശക്തി നഷ്ടപ്പെട്ടു.

കാഴ്ചക്കും കേൾവിക്കും ഒരേപോലെ വൈകല്യം സംഭവിച്ച ഡാർവിന് പിന്നീട്ജോലിക്ക് പോവാൻ കഴിയാത്ത അവസ്ഥയായി. വലത് കണ്ണിനും വലത് ചെവിയ്ക്കും സാരമായി പരിക്കേറ്റു. ശരീരത്തിൻ്റെ വലത് ഭാഗത്തിൻ്റെ‌ സംവേദന ക്ഷമതയും നഷ്ടപ്പെട്ടു. ഇപ്പോഴും ഫിസിയോതെറാപ്പി ചികിത്സ തുടരുകയാണ്.

ഡാർവിന് ജോലിയിൽ തിരികെ കയറാനുള്ള അപേക്ഷയുമായി ഭാര്യ ലിസ്മോൾ അദാലത്തിന്റെ വേദിയിലെത്തിയത് നിറവയറുമായാണ്. തന്റെ അപേക്ഷയിൽ തുടർനടപടികൾ വേഗത്തിലാക്കണമെന്ന ലിസ്മോളുടെ ആവശ്യം എത്രയും വേഗം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പു നൽകി.

കുടുംബത്തിന്റെ ഏക അത്താണിയായ ഡാർവിന് പ്രായമായ പിതാവും മാതാവും രണ്ടു കുട്ടികളുമുണ്ട്. കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ പെങ്ങൾ ഡയാനയും ഇപ്പോൾ ഇവരോടൊപ്പമാണ് കഴിയുന്നത്.

ഡാർവിന്റെ ജീവിതത്തിൽ ഇനി പ്രതീക്ഷയുടെ പുതിയ നാളുകളാണ് സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് സമ്മാനിക്കുക.