കൊല്ലം: പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കി പരിഹരിച്ചുകൊണ്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് – സാന്ത്വന സ്പര്‍ശം പരിപാടിയ്ക്ക് തുടക്കം കുറിച്ച് കൊല്ലം എസ് എന്‍ കോളജില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അദാലത്തുകളില്‍ മുഴുവന്‍ പരാതികള്‍ക്കും പരിഹാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സമയബന്ധിതമായി മുഴുവന്‍ പരാതികള്‍ക്കും തീര്‍പ്പുകല്‍പ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും സര്‍ക്കാരിന്റെ ജനങ്ങളോടുള്ള സമീപനത്തിന് തെളിവാണിതെന്നും മൃഗസംരക്ഷണം-വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.
ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തി സാന്ത്വനിപ്പിക്കുന്ന നയമാണ് സര്‍ക്കാരിനുള്ളതെന്ന് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ക്ഷേമപദ്ധതികള്‍ അടിവരയിട്ട് പറയുന്നതായും ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
സമയബന്ധിതമായി പരാതികള്‍ക്ക് പരിഹാരം കാണുന്ന അദാലത്തുകള്‍ ജില്ലകളില്‍ നടന്നവരുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാണെന്ന് എം നൗഷാദ് എം എല്‍ എ യും ജില്ലയില്‍ കഴിഞ്ഞ അദാലത്തുകളിലായി നിരവധി പരാതികള്‍ക്ക് പരിഹാരം കാണാനായെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറും പറഞ്ഞു.
ലളിതമായ ചടങ്ങിന് ശേഷം മന്ത്രിമാരും എം എല്‍ എ യും നേരിട്ട് കാണേണ്ട പരാതിക്കാരെ കേട്ട് പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചു. മന്ത്രിമാര്‍ പരാതി കേട്ട സെമിനാര്‍ ഹാളിലേക്ക് എത്താന്‍ കഴിയാതിരുന്ന ചിലരെ മന്ത്രിമാര്‍ പുറത്തിറങ്ങി വന്ന് നേരില്‍ കേട്ടശേഷമാണ് പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍ ക്ലാസ് മുറികളിലായി സജ്ജമാക്കിയിരുന്നു. ഇവിടെനിന്നും ലഭിച്ച പരാതികളില്‍ തീര്‍പ്പാക്കിയവ പരാതി നല്‍കിയവര്‍ക്ക് മറുപടിയായി നല്കി. റവന്യൂ, തൊഴില്‍, പഞ്ചായത്ത്, സഹകരണം, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലാണ് കൂടതലും അപേക്ഷകള്‍ കൈകാര്യം ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പരാതികള്‍ക്ക് പരിഹാരം കാണാനായത് അദാലത്തിന്റെ സംഘാടന മികവാണ്.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, അദാലത്ത് നോഡല്‍ ഓഫീസര്‍ സജ്ഞയ് കൗള്‍ എന്നിവരുടെ നേതൃത്വത്തില്‍ എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ യൂസുഫ്, തഹസീല്‍ദാര്‍ ശശിധരന്‍പിള്ള, ഹസൂര്‍ ശിരസ്തദാര്‍ രാധാകൃഷ്ണന് നായര്‍, സൂപ്രണ്ട് സബീന, താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് തഹസീല്‍ദാര്‍ ദേവരാജന്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ അജിത്ത് ജോയി, കെ പി ഗിരിനാഥ്, ജി ജയകുമാര്‍, വിനോദ്, തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ സംഘമാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ അതത് കൗണ്ടറുകള്‍ക്ക് നേതൃത്വം നല്കി.
നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതിന് അക്ഷയയും സാങ്കേതിക സഹായവുമായി ഐ ടി വിഭാഗവും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ചടങ്ങിലുടനീളം ഹരിതചട്ട പാലനം ഉറപ്പാക്കി ഹരിത കേരളം മിഷന് ഹരിത കര്‍മ്മ സേനയെ രംഗത്തിറക്കിയിരുന്നു. ചടങ്ങിനോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരുന്നു. ഇതിന് പുറമേ മൊബൈല്‍ വീഡിയോ വാളില്‍ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോയും പ്രദര്‍ശിപ്പിച്ചു.