കണ്ണൂര്‍: മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന കാപ്പാട് – പെരിങ്ങളായി നീര്‍ത്തട മണ്ണ് – ജല സംരക്ഷണ പദ്ധതി കാപ്പാട് കൃഷ്ണ വിലാസം യു പി സ്കൂളില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ നഗരത്തിന്റെ ജല ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ബൃഹത്തായ പദ്ധതിയാണിതെന്നും പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ഘടകം ജനങ്ങളുടെ സഹകരണമാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയ്ക്കും ജലസംരക്ഷണത്തിനും ആവശ്യമായ പദ്ധതിയാണിത്. കാനാമ്പുഴ അതിജീവന പദ്ധതിയുടെ ഭാഗമായുള്ള ഇത് ഘട്ടങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് കാപ്പാട്-പെരിങ്ങളായി നീര്‍ത്തട മണ്ണ് – ജല സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. കാപ്പാട്-പെരിങ്ങളായി, കൂടത്തും താഴെ-തയ്യില്‍, മുണ്ടയാട്-പടന്ന, തിലാന്നൂര്‍-ആദികടലായി എന്നിങ്ങനെ നാല് നദീതടങ്ങള്‍ ചേര്‍ന്നാണ് കനാമ്പുഴ നദീതടം രൂപപ്പെട്ടിരിക്കുന്നത്. ഏറ്റവും മുകള്‍ ഭാഗത്തുള്ള ആദ്യ കൈവഴിയുടെ നീര്‍ത്തടമാണ് കാപ്പാട് പെരിങ്ങളായി നീര്‍ത്തടം. ഇതിനാലാണ് പദ്ധതിയുടെ ആദ്യഘട്ട നിര്‍വഹണത്തിനായി ഇവിടം തെരഞ്ഞെടുത്തത്. നബാര്‍ഡിന്റെ ആര്‍ഐഡിഎഫ് 25 ധനസഹായത്തോടെ 1.81 കോടി രൂപ ചെലവിലാണ് പദ്ധതി. കണ്ണൂര്‍ കോര്‍പറേഷനിലെ 17, 18, 19, 20, 30 ഡിവിഷനുകളുടെ ഭാഗമായുള്ള 897.90 ഹെക്ടര്‍ പ്രദേശമാണ് ഈ നീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്നത്. മണ്ണ് -ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പ്രദേശത്തെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
മണ്ണ് -ജല സംരക്ഷണവുമായി ബന്ധപ്പെട്ട 26 ഇനം പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 1.12 കോടി രൂപയുടെ വ്യക്തിഗത ആനുകൂല്യ പ്രവൃത്തികളും 53 ലക്ഷം രൂപയുടെ പൊതുപ്രവൃത്തികളും ആണ് 897.90 ഹെക്ടര്‍ സ്ഥലത്തായി നടപ്പാക്കുക. വീടുകളില്‍ കിണര്‍ റീ ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കല്‍, പറമ്പുകളില്‍ മണ്ണ് -ജല സംരക്ഷണ പ്രവൃത്തികള്‍ ചെയ്യല്‍, തോടുകളുടെ സംരക്ഷണ പ്രവൃത്തികള്‍, കുളങ്ങള്‍, തടയണകള്‍ എന്നിങ്ങനെയുള്ള ജലസ്രോതസ്സുകളുടെ നിര്‍മ്മാണം, നവീകരണം എന്നിങ്ങനെയുള്ള പ്രവൃത്തികളാണ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കുക.
പദ്ധതി പ്രദേശത്ത് ഭൂമിയുള്ള ആര്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാകാം. ഇതിനായി നിശ്ചിത ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ചാല്‍ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥര്‍ കൃഷിയിടം സന്ദര്‍ശിച്ച് ഏതൊക്കെ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയും എന്ന് നിര്‍ദ്ദേശിക്കും. അതനുസരിച്ചുള്ള പ്രവൃത്തി അനുമതി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ നല്‍കുകയും പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ ഓവര്‍സീയര്‍ അളവെടുത്ത് മണ്ണ് സംരക്ഷണ ഓഫീസര്‍ പാസാക്കി അളവിനനുസൃതമായ തുക ഗുണഭോക്താവിന് അനുവദിക്കുകയും ചെയ്യും.
കോര്പറേഷന് മേയര്‍ അഡ്വ. ടി ഒ മോഹനന് അധ്യക്ഷനായി. കൗണ്‍സലര്‍മാരായ മിനി അനില്‍കുമാര്‍, കെ പ്രദീപന്, കെ പി രജനി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ടി ഉസ്മാന്, തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസര്‍ വി വി പ്രകാശന്, കാപ്പാട് പെരിങ്ങളായി ഗുണഭോക്തൃ കമ്മിറ്റി ചെയര്മാന് നെല്ലിയാട്ട് രാഘവന് തുടങ്ങിയവര്‍ പങ്കെടുത്തു.