അനേകം പരാതികൾക്ക് പരിഹാരമായി സാന്ത്വന സ്പർശം അദാലത്ത്
പാലക്കാട്: പാലക്കുഴി മേഖലയിലെ പത്ത് കുടുംബങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ വൈദ്യുതി കണക്ഷൻ നൽകണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ സാന്ത്വന സ്പർശം ജില്ലാതല അദാലത്തിൽ നിർദ്ദേശിച്ചു. പട്ടയം ഇല്ലാത്തതിനാൽ ഇവർക്ക് വൈദ്യുതികണക്ഷൻ ലഭിച്ചിരുന്നില്ല. 20 വർഷമായി പ്രദേശത്ത് താമസിക്കുന്നവർക്ക് ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ല എന്നായിരുന്നു പരാതി. കിഴക്കഞ്ചേരി സ്വദേശി വർഗീസും സമീപവാസികളുമാണ് പരാതി നൽകിയത്.
വീട് വയ്ക്കുന്നതിന് പരിസരവാസികൾ തടസ്സം നിൽക്കുന്നത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണാടി സ്വദേശിയായ വീട്ടമ്മ നൽകിയ പരാതി മന്ത്രി വി. എസ്. സുനിൽകുമാർ പാലക്കാട് ഡി.വൈ.എസ്പിക്ക് കൈമാറി. വീട് വെയ്ക്കുന്നതിന് ആവശ്യമായ അനുമതി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിച്ചതിനാൽ ഉടനടി വീട് വെയ്ക്കുന്നതിന് വേണ്ട നടപടികൾ തുടരാൻ കഴിയുമെന്ന് മന്ത്രി പരാതിക്കാരിക്ക് ഉറപ്പുനൽകി.
2019 പ്രളയത്തിൽ നാശനഷ്ടമുണ്ടായതിനെ തുടർന്ന് സർക്കാർ അനുവദിച്ച ധനസഹായം അക്കൗണ്ട് നമ്പർ മാറിയതിനാൽ ലഭിക്കാത്തത് പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ്
എരുമയൂർ സ്വദേശി വള്ളിയമ്മ അപേക്ഷ നൽകിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ഈ പ്രശ്നം ഉടൻ പരിഹരിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി.
വീടിനു മുകളിലൂടെ വൈദ്യുതി കമ്പി സ്ഥാപിച്ചതോടെ സുരക്ഷാ ഭീഷണിയിലായ എരുമയൂരിലെ കുടുംബം നൽകിയ പരാതിയും മന്ത്രി അനുഭാവപൂർവ്വം പരിഗണിച്ചു. വൈദ്യുത കമ്പി മാറ്റി സ്ഥാപിക്കുന്നതിന് ഉടനടി നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
2018 ൽ മണ്ണിടിഞ്ഞുവീണ് വീട് നിർമ്മാണം തടസ്സപ്പെട്ടതിനാൽ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ പാറക്കൽ വീഴുമല സ്വദേശി രാധിക വിനോദ് നൽകിയ പരാതി പരിഗണിച്ചു. ഇവരുടെ റേഷൻ കാർഡ് ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്താനും മന്ത്രി നിർദ്ദേശിച്ചു.
കഞ്ചിക്കോട് റെയ്‌ഡ്കൊ പമ്പ് സെറ്റ് നിർമ്മാണ യൂണിറ്റിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന്ആവശ്യപ്പെട്ട് തൊഴിലാളികൾ അപേക്ഷ നൽകി. തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ നിർദേശിച്ചു.
കഴനി സഹകരണ സംഘത്തിൽ നിന്ന് വീടു നിർമ്മാണത്തിനായി വായ്പയെടുത്ത കാവശ്ശേരി സ്വദേശി ചെമ്പക ജ്യോതിയുടെ പരാതിയിന്മേൽ വായ്പ ഇളവ് നൽകാൻ മന്ത്രി ശുപാർശ ചെയ്തു. വികലാംഗ പെൻഷൻ ലഭിക്കുന്നത് കൊണ്ടാണ് രോഗിയായ അമ്മയെയും ചെമ്പകജ്യോതി പോറ്റുന്നത്.
ഭിന്നശേഷിയുള്ള 20 വയസ്സുള്ള മകൾ സൗമ്യക്ക് ചികിത്സക്ക് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കൽപ്പാത്തി സ്വദേശിയായ വീട്ടമ്മ അദാലത്തിന് എത്തിയത്. പെൺകുട്ടിയുടെ അവസ്ഥ പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 25000 രൂപ ധനസഹായമായി അനുവദിച്ചു.