ഇടുക്കി:‍ വാര്ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചു ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ആദ്യ ഗ്രാമസഭ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

സുസ്ഥിര വികസനത്തില്‍ അധിഷ്ഠിതമായ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, ജീവിത നിലവാരം മെച്ചപ്പെടുത്തല്‍,സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഓരോ പദ്ധതിയുടെയും ആവിഷ്‌കാരം.
ജനറല്‍, എസ് സി. പി, റ്റി. എസ്. പി, മെയിന്റനന്‍സ് ഗ്രാന്‍ഡ് റോഡ്, മെയിന്റനന്‍സ് ഗ്രാന്‍ഡ് നോണ്‍ റോഡ് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ഫണ്ടുകള്‍ അനുവദിച്ചിരിക്കുന്നത്. കൂടാതെ ലൈഫ് ഭവന പദ്ധതിയ്ക്കും പ്രത്യേകം ഫണ്ട് വിലയിരുത്തിയിട്ടുണ്ട്. വനിതകള്‍ക്കായി സഹയാത്രികയെന്ന പേരില്‍ ഇലക്ട്രിക് ഓട്ടോ നല്‍കുന്ന പദ്ധതി, വിനോദ സഞ്ചാര മേഖലയ്ക്കും തൊഴില്‍ സാധ്യത ഉറപ്പ് വരുത്തുന്നതിനും പെഡല്‍ ബോട്ടുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ മേഖലയില്‍ മികച്ച നിലവാരം കാഴ്ച വയ്ക്കാന്‍ അക്കാദമിക് എക്‌സലന്‍സ്, ക്ഷീര കര്‍ഷകര്‍ക്കായി പാലിന് സബ്സിഡി നല്‍കുന്ന പദ്ധതി ക്ഷീരധാര, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു കൈത്താങ്ങ്, മുന്നാറില്‍ പച്ചക്കറി ശീതികരണ യൂണിറ്റ് ഗ്രീഷ്മം, കൊലുമ്പന്‍ തീയറ്റര്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും ആദിവാസി കലാരൂപങ്ങളുടെ അവതരണം, മൊബൈല്‍ ആയുര്‍വേദ ക്ലിനിക്കുകള്‍, തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നതും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 382 റോഡുകളാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയിലുള്ളത്.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി സുനില്‍ കുമാര്‍ പദ്ധതി വിശദീകരണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ
വാര്‍ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചു ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ആദ്യ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു