എറണാകുളം: ഏഴുപത്തഞ്ചു ശതമാനത്തോളം ജന്മനാ ശാരീരിക വൈകല്യമുള്ള ആലുവ തോട്ടുമുഖം കൂട്ടമശ്ശേരി സ്വദേശിനി മുനിബയ്ക്കും കുടുംബത്തിനും വരുമാനമാർഗത്തിന് വഴിയൊരുക്കി സാന്ത്വനം 2021 പരാതി പരിഹാര അദാലത്ത്. എം.കോം ബിരുദധാരിയായ മുനിബയ്ക്ക് ശാരീരിക വൈകല്യം കാരണം ദൂരയാത്രകൾ ചെയ്യാൻ സാധിക്കില്ല. മുനിബയുടെ മാതാപിതാക്കളും വർഷങ്ങളായി രോഗികളാണ്. ഈ കുടുംബത്തിന്റെ ഏകാശ്വാസം പ്രതിമാസം ലഭിക്കുന്ന മുനിബയുടെ 1200 രൂപ പെൻഷൻ മാത്രമാണ്. ഈ സാഹചര്യത്തിലാണ് മുനിബ ആലുവ യു.സി കോളേജിൽ സംഘടിപ്പിച്ച സാന്ത്വനസ്പർശം അദാലത്തിൽ ജോലിക്കായി അപേക്ഷിച്ചത്. അപേക്ഷ പരിഗണിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ആലുവ പ്രദേശത്തുള്ള ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ മുനിബയ്ക്ക് ജോലി നൽകുവാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയായിരുന്നു.