ഇടുക്കി: ജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും നേരിട്ട് പരിഹാരം കാണുന്നതിനായി പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാന്ത്വന സ്പര്‍ശം താലുക്ക്തല അദാലത്ത് അടിമാലിയില്‍ നടത്തി. ദേവികുളം, തൊടുപുഴ താലൂക്ക്തല സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. അഞ്ച് വര്‍ഷക്കാലം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു; ഇനിയും എന്തെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട് എന്ന് നേരിട്ടറിഞ്ഞ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനങ്ങളിലേക്കിറിങ്ങിച്ചെന്ന് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന തലത്തില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് നടത്തുന്നതെന്നും ഉദ്ഘാടനം നിര്‍വഹിച്ചു അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യക്ഷനായി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരമാവധി പരിഹാരം കാണുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അദാലത്തുകള്‍ നടത്തുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

അടിമാലി വിശ്വദീപ്തി സ്‌കൂളില്‍ സംഘടിപ്പിച്ച അദാലത്ത് സംഘാടക മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരാതികള്‍ക്ക് പരിഹാരം തേടി ആയിരക്കണക്കിന് ആളുകളാണ് മന്ത്രിമാരുടെ മുന്നിലെത്തിയത്.

വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഫ്, വൈദ്യുത മന്ത്രി എം എം മണി എന്നിവര്‍ക്കൊപ്പം എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ.ബിജു, ദേവികുളം സബ് കളക്ടര്‍ എസ് പ്രേംകൃഷ്ണ എന്നിവരും പരാതികള്‍ പരിഗണിച്ചു. പരാതികളുടെ തുടര്‍ നടപടികള്‍ക്കായി റവന്യൂ, കൃഷി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും സജ്ജീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുന്ന ഫോട്ടോ പ്രദര്‍ശനവും, മീഡിയാ സെന്ററും ഒരുക്കി.

18 ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് പള്ളി പാരിഷ് ഹാളില്‍ നടത്തുന്ന ഇടുക്കി, തൊടുപുഴ താലൂക്ക്തല അദാലത്തുകളോടെ സാന്ത്വന സ്പര്‍ശം അദാലത്തിന് ജില്ലയില്‍ സമാപനമാകും