എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് വിവിധ സ്‌ക്വാഡുകളേയും ഉദ്യോഗസ്ഥരേയും വിന്യസിച്ചു. എല്ലാ നിയമസഭാമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസറുടെ കീഴില്‍ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാരേയും, അവരെ സഹായിക്കുന്നതിന് അക്കൗണ്ടിംഗ് ടീം, സ്റ്റാറ്റിക്‌സ് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം എന്നിവരേയും നിയോഗിച്ചു.

അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍ക്കായി എല്ലാ നിയോജകമണ്ഡലങ്ങളിലും അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍മാരുടെ ഓഫീസിനോട് ചേര്‍ന്ന് പ്രത്യേക ഓഫീസ് സംവിധാനവും സജ്ജീകരിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുണ്ടാകാതെ നോക്കുന്നതിനും, പണം, ലഹരി വസ്തുക്കള്‍ മുതലായവയുടെ അനധികൃത ഒഴുക്ക് തടയുന്നതിനും എല്ലാ നിയോജകമണ്ഡലങ്ങളിലും 3 വീതം ഫ്‌ലൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക്‌സ് സര്‍വയലന്‍സ് ടീം, ആന്റീ ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരെയും നിയോഗിക്കുകയും അവരെ അതാത് നിയോജക മണ്ഡലങ്ങളില്‍ വിന്യസിക്കുകയും ചെയ്തു.

എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സംവിധാനത്തിനായി നിയോഗിച്ച സ്‌ക്വാഡുകള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമുളള പരിശീലനം നോഡല്‍ ഓഫീസര്‍ ഗീത എം, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഫെമിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മാർച്ച് ഒന്നു മുതൽ മൂന്നു വരെ നല്‍കിയിരുന്നു.

പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി പൊതുജനങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസർ അറിയിച്ചു.

അമ്പതിനായിരം രൂപയില്‍ കൂടുതല്‍ ക്യാഷായി കൊണ്ടുനടക്കുന്നവര്‍ മതിയായ രേഖകള്‍ കൂടെ കരുതേണ്ടതാണ്. സ്ഥാനാര്‍ത്ഥികളാകുന്നവര്‍ക്ക് പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതുളളതിനാല്‍, പുതിയ അക്കൗണ്ട് തുറക്കുന്നതിനായി എത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതിനുള്ള സൗകര്യം എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും ഏര്‍പ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

പ്രചാരണത്തിനായി സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതിന് ഏല്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷന്‍ ഫോറം വാങ്ങേണ്ടതാണ്. ഇതിന്റെ ഒരു പകര്‍പ്പ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ആയ ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കണം. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മുദ്രണം ചെയ്യുന്ന തെരെഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളില്‍ പ്രിന്റര്‍, പബ്ലിഷര്‍ കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങള്‍ ഉള്‍ക്കൊളളിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുളളതായും ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് വേണ്ടി എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.