മലപ്പുറം:പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും കുട്ടികള്‍ക്ക് നേരിട്ട് വിളിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൂള്‍ ഓഫ് ടൈം കാള്‍ സെന്ററിലേക്ക് ഇതു വരെ വിളിച്ചത് 180 കോളുകള്‍. പഠിച്ചത് മറന്ന് പോകുന്നു, ആദ്യം മുതല്‍ ചിട്ടയായി പഠിക്കാത്തതുമൂലമുണ്ടാകുന്ന സമ്മര്‍ദ്ദം, മൊബൈലിന്റെ അമിത ഉപയോഗവും ഗെയിമുകളോടുള്ള ആസക്തിയും മൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ല തുടങ്ങി നിരവധി സംശയങ്ങളാണ് കുട്ടികള്‍ കോള്‍സെന്ററുമായി ബന്ധപ്പെട്ടത്. എല്ലാ സംശയങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുന്നതിനും ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനും സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദധാരികളായ കോള്‍ സെന്ററിലെ വളണ്ടിയര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചു. കരിയര്‍ ഗൈഡന്‍സിലും കൗണ്‍സലിങിലും പ്രത്യേകം പരിശീലനം നേടിയ ഹൈസ്കൂള്‍ അധ്യാപകരും സൗഹൃദ കോര്‍ഡിനേറ്റര്‍മാരായ ഹയര്‍സെക്കന്‍ഡറി അധ്യാപകരുമാണ് ഓരോ ദിവസത്തെയും കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നവര്‍ക്ക് കൂള്‍ ഓഫ് ടൈം കോള്‍ സെന്ററിലേക്ക് വിളിക്കാം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെ 0483-2733112,0483-2733113,0483-2733114 എന്ന നമ്പറുകളിലേക്കും വൈകീട്ട് ആറ് മുതല്‍ രാവിലെ ഒന്‍പത് വരെ 9447273711, 9072790493 ,9605320446, 9446735024 എന്നീ മൊബൈല്‍ നമ്പറുകളിലേക്കും വിളിക്കാം.
