കണ്ണൂര്‍: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിന മാസാചരണത്തിന്റെ ഉദ്ഘാടനം തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി നിര്‍വഹിച്ചു. ചടങ്ങില്‍ എഡിഎം ഇ പി മേഴ്‌സി അധ്യക്ഷയായി.
‘കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുല്യഭാവി കൈവരിക്കാന്‍ സ്ത്രീ നേതൃത്വം’ എന്ന ആശയത്തില്‍ ഊന്നിയാണ് വനിതാദിന മാസാചാരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്തില്‍ നടത്തുന്നത്. മാര്‍ച്ച് 25 വരെയാണ് വനിതാദിന മാസാചരണം.
കലക്ടറേറ്റ് ആംഫി തീയറ്ററില്‍ നടന്ന ചടങ്ങില്‍ സിസ്റ്റമാറ്റിക് വോട്ടര്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി)ഭാഗമായി സബ് കലക്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കലാപരിപാടികളും നടന്നു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി ഡീന ഭരതന്‍, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ വി രജിഷ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസര്‍ രേണുക പാറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.