കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനും പ്രചരണ അനുമതികള്‍ക്ക് അപേക്ഷിക്കാനുമായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് നാമനിര്‍ദേശം നല്‍കാവുന്നത്. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ https://suvidha.eci.gov.in എന്ന വെബ്സൈറ്റിലൂടെയോ സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക നല്‍കാം.
കോവിഡ് പശ്ചാത്തലത്തില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനാണ് സുവിധ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. സുവിധയില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്് ലോഗ് ഇന്‍ ചെയ്താല്‍ ഒടിപി എസ്എംഎസായി ലഭിക്കും. ഒടിപി നല്‍കിയ ശേഷം തുറന്നു വരുന്ന പേജില്‍ നോമിനേഷന്‍, പെര്‍മിഷന്‍ എന്നീ രണ്ട് സെലക്ഷന്‍ ഓപ്ഷനുകള്‍ കാണാം. ഇതില്‍ നോമിനേഷന്‍ ക്ലിക്ക് ചെയ്ത് സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. അതിന്റെ കൂടെയുള്ള സത്യവാങ്മൂലവും പൂരിപ്പിച്ച് നല്‍കുക. പൂരിപ്പിച്ചു നല്‍കിയ സത്യവാങ്മൂലം പ്രിന്റൗട്ട് എടുത്ത് നോട്ടറി അറ്റസ്റ്റ് ചെയ്ത ശേഷം അത് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം.
നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിച്ചു കഴിഞ്ഞ ശേഷം അതിന്റെ പ്രിന്റൗട്ടും നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലവും റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്ഥാനാര്‍ഥി സമര്‍പ്പിച്ചാല്‍ മാത്രമേ പത്രിക പരിഗണിക്കൂ. ഓണ്‍ലൈനായി നല്‍കിയ പത്രികയില്‍ തിരുത്തലുകളുണ്ടെങ്കില്‍ പത്രിക നേരിട്ട് സമര്‍പ്പിക്കുന്ന വേളയില്‍ പ്രിന്റൗട്ടില്‍ മാറ്റങ്ങള്‍ വരുത്തി സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റൊരു ആപ്ലിക്കേഷനായ കാന്‍ഡിഡേറ്റ് ആപ്പിലൂടെ സ്ഥാനാര്‍ഥിക്ക് നോമിനേഷന്‍ സ്റ്റാറ്റസ്, പെര്‍മിഷന്‍ സ്റ്റാറ്റസ്, സൂക്ഷ്മപരിശോധന, സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ തുടങ്ങിയവ അറിയാന്‍ സാധിക്കും.
