ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചത് 800 പേര്‍

ഇടുക്കി: തൊടുപുഴ ന്യൂമാന്‍ കോളേജില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പില്‍ ആദ്യദിനം 800 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നടത്തിയ ക്യാമ്പ് നാളെയും (ശനി) ഉണ്ടാവും. രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഈ ക്യാമ്പുകളില്‍ നിന്നും സൗജന്യമായാണ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. രണ്ട് ദിവസം കൊണ്ട് 4000 പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. രാവിലെ 8 മണിക്ക് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ക്യാമ്പില്‍ തയ്യാറായിരുന്നു. വാക്‌സിനേഷന് എത്തുന്നനവരെ സ്വീകരിക്കാന്‍ ക്യാമ്പിന്റെ റിസപ്ഷനില്‍ പ്രത്യേകം ജീവനക്കാരെ ഏര്‍പ്പെടുത്തി.

രജിസ്റ്റര്‍ ചെയ്‌തെത്തുന്നവര്‍ക്ക് ചുവപ്പും സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് നീലയും ടോക്കണ്‍ കൊടുത്തു. ഇതില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്‌തെത്തുന്നവരെ തിരിച്ചറിയല്‍ പരിശോധന നടത്തി നേരെ വാക്‌സിനേഷന് വിടും. ഇതിന് ശേഷം ആശാ വര്‍ക്കര്‍മാര്‍ ഇവരെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. ഇവരെ നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമായി
രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിരീക്ഷണ മുറിയില്‍ സജ്ജജമാക്കിയിട്ടുണ്ടായിരുന്നു. അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ആംബുലന്‍സും സജ്ജമാക്കിയിരുന്നു.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തുന്നവരെ പരിശോധന പൂര്‍ത്തിയാക്കി വാക്‌സിന്‍ നല്‍കിയ ശേഷം നിരീക്ഷണ മുറിയിലേക്ക് മാറ്റും. വാക്‌സിന്‍ സ്വീകരിച്ച എല്ലാവരെയും അര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് മടക്കി അയച്ചത്.
ഇതിനായി മുട്ടം, പുറപ്പുഴ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടേയും സേവനം ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു.
ഇതിന് പുറമേ മാസ് വാക്‌സിനേഷന്‍ ക്യാമ്പില്‍ കൂടുതല്‍ വാക്‌സിനേറ്റര്‍മാരെയും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും സജ്ജമാക്കിയിരുന്നു.

ഇതോടൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജീവനക്കാരുമുണ്ടായിരുന്നു.
ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യവും ഒരുക്കിയിരുന്നു. കുടിവെള്ളം എത്തിക്കുന്നതിനും ക്യാമ്പ് കേന്ദ്രം സജ്ജമാക്കുന്നതിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും തൊടുപുഴ നഗരസഭയിലെ ജീവനക്കാരും എത്തിയിരുന്നു. തൊടുപുഴ റോട്ടറി ക്ലബ്ബിബിന്റെ നേതൃത്വത്തില്‍ ക്യാമ്പിലേക്ക് ആവശ്യമായ ലാപ്‌ടോപ്പുകള്‍ എത്തിച്ച് നല്‍കി.

ഡെപ്യുട്ടി ഡിഎംഒ ആര്‍സിഎച്ച് ഡോ. സുരേഷ് വര്‍ഗീസ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ.സി. ചാക്കോ, ഡോ. രേഖ ശ്രീധര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവര്‍ ക്യാമ്പിന് മേല്‍നോട്ടം വഹിച്ചു.
കോവി ഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസാണ് എല്ലാവര്‍ക്കും നല്‍കിയത്. ഇത് സ്വീകരിച്ചവര്‍ക്ക് 28 ദിവസം കഴിഞ്ഞ് ഇതേ രീതിയില്‍ ക്യാമ്പ് നടത്തി രണ്ടാം ഡോസും നല്‍കും. ഇതുമായി ബന്ധപ്പെട്ട് സ്ഥലമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കുമെന്ന് ഡെപ്യുട്ടി ഡിഎംഒ ആര്‍സിഎച്ച് ഡോ. സുരേഷ് വര്‍ഗീസ് അറിയിച്ചു.

കോവിഡ് വാക്‌സിനേഷന്‍ കോര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം എല്ലാ താലൂക്കുകളിലും ആഴ്ചയിലൊരു ദിവസം കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നതിന്റെ ഭാഗമായാണ് ആദ്യ ക്യാമ്പ് രണ്ടു ദിവസങ്ങളിലായി തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടത്തുന്നത്. മറ്റ് ക്യാമ്പുകള്‍ മാര്‍ച്ച് 16ന് ഇടുക്കി മെഡിക്കല്‍ കോളേജ്, കട്ടപ്പന ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തും. 17 ന് പീരുമേട് താലൂക്കിലെ കുട്ടിക്കാനം മരിയന്‍ കോളേജ്, ദേവികുളം താലൂക്കില്‍ അടിമാലി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലും 19, 20 തീയതികളില്‍ മൂന്നാര്‍ ഗവ.ഹൈസ്‌കൂളിലും ക്യാമ്പ് നടത്തി ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും.

ആയിരം പേരെ വീതമാണ് ഓരോ ക്യാമ്പിലും പ്രതീക്ഷിക്കുന്നതെങ്കിലും അതിന്റെ ഇരട്ടി ആളുകള്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ സൗകര്യം ക്യാമ്പുകളില്‍ ഏര്‍പ്പെടുത്തും.
വാക്‌സിനേഷനു വരുന്നവര്‍ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി വരേണ്ടതാണ്. (ആധാര്‍, വോട്ടേര്‍സ് ഐ.ഡി., ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ) www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ആണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ജില്ലയില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള 186000 ആളുകളും 50 നും 60 നും ഇടയിലുള്ള 140000 ആളുകളുമാണുള്ളത്. ഇവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും മാര്‍ച്ച് 31 നുള്ളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുകയാണ് സൗജന്യ കോവിഡ് വാക്‌സിന്‍ ക്യാമ്പിന്റെ ലക്ഷ്യം.

ചിത്രം

തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ മാസ് ക്യാമ്പ്.

#COVID19Updates
#covidvaccine
#idukkidistrict