ഇടുക്കി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വായുഗുണനിലവാര പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ ആസ്ഥാനമായ കുയിലിമലയിലും ഇത്തരത്തില്‍ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

ഇതനുസരിച്ച് കളക്ടറേറ്റ് അനക്‌സ് കെട്ടിടത്തിനു മുകളില്‍ തുറസായിക്കിടക്കുന്ന 200 ചതുരശ്ര മീറ്റര്‍ സ്ഥലത്തായിരിക്കും കേന്ദ്രം സ്ഥാപിക്കുക. ഇടുക്കി ജില്ലയുടെ സവിശേഷമായ ജൈവപാരിസ്ഥിതിക പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ ജില്ലാ ആസ്ഥാനത്ത് തല്‍സമയ വായുഗുണനിലവാര പരിശോധന കേന്ദ്രം സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നു ജില്ലാ കളക്ടര്‍ പ്രസ്താവിച്ചു.