മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ജില്ലയിലെ വീഡിയോ സര്‍വൈലന്‍സ്, വീഡിയോ വ്യൂവിങ് ടീമുകള്‍ക്കുള്ള പരിശീലനം ജില്ലാ പ്ലാനിങ് സമുച്ചയത്തില്‍ നടന്നു. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ നിരീക്ഷിക്കുന്നതിനും സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ കണക്കാക്കുന്നതിനുമുള്ള പരിശീലനമാണ് നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന റോഡ് ഷോകള്‍, പൊതുയോഗങ്ങള്‍, മറ്റ് പരസ്യ പ്രചാരണങ്ങള്‍ എന്നിവ വീഡിയോ ഗ്രാഫര്‍മാരുടെ സഹായത്തോടെ ഈ ടീം പകര്‍ത്തി സൂക്ഷിക്കും. റോഡ് ഷോകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടുന്ന വീഡിയോ മുതല്‍ പ്രചാരണ യോഗ വേദിയിലും സദസിലും ഉപയോഗിക്കുന്ന കസേരയുടെ എണ്ണവും തരവും വരെ ബന്ധപ്പെട്ട ടീം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ കണക്കാക്കുക.

മാസ്റ്റര്‍ ട്രെയിനര്‍ അബ്ദുല്‍ നാസര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കി. എക്‌സ്‌പെന്‍ഡിച്ചര്‍ വിങിന്റെ നോഡല്‍ ഓഫീസറും സീനിയര്‍ ഫിനാന്‍ഷ്യല്‍ ഓഫീസറുമായ എന്‍. സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുടെ കോര്‍ഡിനേറ്ററായ എ.എസ് ഷാജഹാന്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിചര്‍ നോഡല്‍ ഓഫീസര്‍ എം.സി ജസ്ന, ഇലക്ഷന്‍ വിഭാഗത്തിലെ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.