തൃശ്ശൂർ: സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കുന്നതിനും വോട്ടിംഗ് സംബന്ധിച്ചുള്ള ആളുകളുടെ സംശയ ദുരീകരണത്തിനുമായി സ്വീപ്പിൻ്റെയും ശുചിത്വമിഷൻ്റെയും നേതൃത്വത്തിൽ ജില്ലയിൽ വോട്ട് വണ്ടി പര്യടനത്തിന് തുടക്കമായി.തിരഞ്ഞെടുപ്പ് ഓഫീസറും സ്വിപ്പ് ചെയർമാനുമായ ജില്ലാ കലക്ടർ എസ് ഷാനവാസ് വോട്ട് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.സമ്മതിദായകരുടെ വോട്ടിങ് സംബന്ധമായ സംശയങ്ങൾ ദൂരികരിച്ച് വോട്ടിൻ്റെ പ്രധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, ഹരിത തിരഞ്ഞെടുപ്പ് സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നിവയ്ക്കാണ് വോട്ട് വണ്ടി പ്രധാന്യം നൽകുന്നത്.
പരിപാടിയിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കുന്നതിന് വാഹനത്തിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണവും – ഹരിത തിരഞ്ഞെടുപ്പ് ഗാനവും പ്രയോജനപ്പെടുത്തുന്നുണ്ട്. നമ്മുടെ വോട്ടാണ് നമ്മുടെ രാജ്യത്തിൻ്റെ ശക്തി, വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന് ശക്തി പകരൂ എന്നീ സന്ദേശങ്ങൾ വോട്ടു വണ്ടിയിലൂടെ ജനങ്ങളിലെത്തിക്കും. വോട്ടിങ് മെഷീൻ പരിചയപ്പെടുന്നതിനും മാതൃകാ വോട്ടിങിനും പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.ജില്ലയിലെ 13 മണ്ഡലങ്ങളിലും വോട്ട് വണ്ടി പ്രചാരണം നടത്തും. വോട്ട് ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ച് ജില്ലയിൽ 100 ശതമാനം ഹരിത പോളിങ് ഉറപ്പാക്കുകയാണ് വോട്ട് വണ്ടിയുടെ ലക്ഷ്യം.കന്നി വോട്ടർമാരുടെ സംശയങ്ങൾ ദൂരീകരിച്ച് വോട്ട് ചെയ്യാൻ പ്രോത്സഹനം നൽകും.
വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ സ്വീപ്പിൻ്റെയും ശുചിത്വമിഷൻ്റെയും പ്രതിനിധികൾ വോട്ട് വണ്ടിയിലുണ്ടാകും.കലക്ട്രേറ്റ് കോമ്പൗണ്ടിൽ നടന്ന വോട്ട് വണ്ടി ഫ്ലാഗ് ഓഫ് പരിപാടിയിൽ സ്വിപ്പ് നോഡൽ ഓഫീസർ ബി ബാലഗോപാൽ, ശുചിത്വമിഷൻ, സ്വിപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.