ആലപ്പുഴ : ജില്ലയിലെ പോളിങ് ബൂത്തുകളിൽ നിയോഗിക്കുന്ന മുഴുവൻ പോളിങ് ഉദ്യോഗസ്ഥരുർക്കുമായുള്ള പരിശീലന പരിപാടി 25 ന് ആരംഭിക്കും. 27 വരെ മൂന്ന് ദിവസമായി നടത്തപ്പെടുന്ന പരിശീലനത്തിൽ രണ്ട് ഷിഫ്റ്റുകളിൽ 40 ഉദ്യോഗസ്ഥർക്ക് വീതം പരിശീലനം ലഭ്യമാക്കും. ഒൻപത് നിയോജകമണ്ഡലങ്ങളിലായി 12158 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 3039 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിങ് ഓഫീസർമാരും, പോളിങ് അസിസ്റ്റന്റുമാരും ഉള്‍പ്പെടുന്നു. എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഡിസ്ട്രിബ്യൂഷൻ സെന്ററുകളിൽ രാവിലെ 10 നും രണ്ട് മണിക്കും ആരംഭിക്കുന്ന രണ്ട് ഷിഫ്റ്റുകളിലായാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക. ആദ്യഘട്ട പരിശീലന പരിപാടിയിൽ പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥർക്കും ക്ലാസുകൾ നൽകിയിരുന്നു.