തൃശ്ശൂര്‍: ആബ്സെൻ്റീസ് വോട്ടർമാരുടെ വോട്ട് രേഖപ്പെടുത്തുന്നതിനായി ജില്ലയിലെ 920 പോൾ ഓഫീസർമാർക്കുള്ള പരിശീലനം ഒരു ദിവസം കൊണ്ട് പൂർത്തീകരിച്ച് ജില്ലാ ഭരണകൂടം. 920 പേർക്ക് മൂന്ന് സെഷനുകളിലായാണ് പരിശീലനം നൽകിയത്.
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സെൻ്റീസ് വോട്ടർമാർക്കുള്ള വോട്ടിങിനായി പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ നടന്നു.

ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയ്നർ കെ കൃഷ്ണ കുമാർ ക്ലാസെടുത്തു. എൺപത് വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസറ്റീവ് ആയവർ, കോവിഡ് സമ്പർക്കപ്പട്ടികയിൽ വരുന്നവർ തുടങ്ങിയവിഭാഗങ്ങളിൽപ്പെടുന്നവരുടെ വോട്ട് എങ്ങനെ രേഖപ്പെടുത്താം എന്നത് സംബന്ധിച്ച പരിശീലനമാണ് നടന്നത്. ഹാജരാകാത്ത വോട്ടർമാരുടെ വീടുകളിൽ ചെന്ന് വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ സുതാര്യമായ വോട്ടിംഗ് എങ്ങനെ ഉറപ്പാക്കാം, പക്ഷപാത രഹിതവും സ്വകാര്യത ഉറപ്പാക്കിയതുമായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ പൂർത്തീകരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പരിശീലനം നടന്നത്. തൃശൂർ, ഒല്ലൂർ നിയോജക മണ്ഡലങ്ങളിലെ ജനറൽ ഒബ്സർവർ ദീപ് ചന്ദ്ര ഐ എ എസ് പരിശീലന ക്ലാസ് സന്ദർശിച്ചു. തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർ പ്രഭ കുമാർ, അസിസ്റ്റൻ്റ് നോഡൽ ഓഫീസർമാരായ കെ ബിലാൽ ബാബു, എം എ തോമസ് തുടങ്ങിയവർ പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.

ജില്ലയിൽ 37828 പേരാണ് തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർ. പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവരുടെ അടുത്തേക്ക് പോൾ ഓഫീസർ, പോൾ അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, വിഡീയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ, ബി എൽ ഒ, എന്നിവരടങ്ങുന്ന സംഘം നേരിട്ടെത്തിയാണ് വോട്ട് രേഖപ്പെടുത്തുക. ഏഴ് പേരടങ്ങുന്ന 400 ടീമുകൾ പോസ്റ്റൽ വോട്ടിങിനായി ജില്ലയിൽ സജ്ജമായിക്കഴിഞ്ഞു. ഒരു ദിവസം 20 പേരുടെ വോട്ട് ഇതുവഴി രേഖപ്പെടുത്തും. സ്ഥാനാർത്ഥിയുടെ ഏജന്റുമാരും ഈ സംഘത്തെ അനുഗമിക്കും.വോട്ടെടുപ്പ് ദിവസം അവശ്യ സർവീസുമായി ബന്ധപ്പെട്ട് ജോലിക്ക് ഹാജരാകേണ്ട 16 വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ വോട്ടിംഗ് നടപടികൾ ജില്ലയിൽ 28, 29, 30 തീയതികളിൽ നടക്കും.