കൊല്ലം: ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് എങ്ങനെ നടത്താം എന്ന് വിശദമാക്കുന്ന കൈപുസ്തകം പുറത്തിറങ്ങി. ഹരിത കേരള – ശുചിത്വ മിഷനുകള്‍ സംയുക്തമായി തയ്യാറാക്കിയ ‘ഹരിത ചട്ട പാലനം: സംശയങ്ങളും, മറുപടികളും’ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി. എസ് അനിലിന് കൈമാറി പ്രകാശനം ചെയ്തു.
എന്താണ് ഹരിത തിരഞ്ഞെടുപ്പ്?, തിരഞ്ഞെടുപ്പില്‍ രൂപപ്പെടാന്‍ ഇടയുള്ള മാലിന്യങ്ങള്‍, സ്ഥാപിക്കാന്‍ അനുമതിയുള്ള ബോര്‍ഡുകള്‍, കൊടിതോരണങ്ങളുടെ ചട്ടപ്രകാരമുള്ള നിര്‍മിതി, ഡിസ്പോസിബിള്‍ കപ്പുകളുടെ ഉപയോഗം, പ്രചരണ വാഹനങ്ങളില്‍ ഒഴിവാക്കേണ്ടവ, പോളിംഗ് ബൂത്തുകളിലും സ്ഥാനാര്‍ഥികളുടെ ഇലക്ഷന് കമ്മിറ്റി ഓഫീസുകളിലും കൗണ്ടറുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയാണ് ഉള്ളടക്കം.
ഹരിത കേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ശുചിത്വ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെ. രതീഷ്കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
