ആലപ്പുഴ:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സേവ് ദ ഡേറ്റ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ” ബാലറ്റ് ബോട്ട്” യാത്ര ആരംഭിച്ചു.ആലപ്പുഴ മാത ബോട്ട് ജട്ടിയിൽ നിന്ന് ആരംഭിച്ച ബാലറ്റ് ബോട്ടിന്റെ ആദ്യയാത്ര ജില്ലാകലക്ടര്‍ എ. അലക്സാണ്ടർ ഫ്ലാഗ് ഓഫ് ചെയ്തു.

വോട്ട് അവകാശം വിനിയോഗിക്കുക എന്ന സന്ദേശം സമ്മതിദായകരിൽ എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് മെഷീൻ ജനങ്ങളെ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ജില്ലയിലെ തീരദേശ മേഖലകളായ ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലാണ് ബാലറ്റ് ബോട്ട് പര്യടനം നടത്തുക.

വിവിപാറ്റ് മെഷീൻ ,സുതാര്യവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ അനുവദിച്ച ആധുനിക എം. ത്രീ വോട്ടിങ് യന്ത്രം എന്നിവയുടെ ലൈവ് ഡെമോ കാണാനും വോട്ട് ചെയ്തു നോക്കാനും വോട്ട് ബോട്ടിൽ അവസരമൊരുക്കിയിട്ടുണ്ട്. വിവിധ ജട്ടികൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം “ബാലെറ്റ് ബോട്ട് “പര്യടനം നടത്തും. എല്ലാവരുടെയും വോട്ട് വിലപ്പെട്ടതാണെന്നും ഒരാൾപോലും മാറ്റിനിർത്തപ്പെടരുതെന്ന സന്ദേശം ജില്ലയിലെ തീരദേശ മേഖലകളിൽ എത്തിക്കുക എന്നതാണ് ബാലറ്റ് ബോട്ടിന്റെ ലക്ഷ്യം. സ്വീപ് നോഡൽ ഓഫീസർ വി. പ്രദീപ്‌ കുമാർ, അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർ ആർ. രാധാകുമാർ തുടങ്ങിയവർ സന്നിഹിതരായി.