കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം സ്വീപ്പിന്റെ നേതൃത്വത്തില്‍ ബീച്ച് റണ്ണും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. അഴീക്കോട് ചാല്‍ ബീച്ചില്‍ നടന്ന ബീച്ച് റണ്ണില്‍ ദയ അക്കാദമി, കണ്ണൂര്‍ സ്‌പോര്‍ട് ഡിവിഷന്‍ എന്നിവിടങ്ങളിലെ 300 ഓളം കുട്ടികള്‍ പങ്കെടുത്തു. എഡിഎം ഇ പി മേഴ്‌സി ബീച്ച് റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് സൈക്കിള്‍ റാലിയും വന്‍കുളത്ത് വയല്‍, കാള്‍ടെക്‌സ് പരിസരം എന്നിവടങ്ങളില്‍ ഫ്‌ളാഷ് മോബും അരങ്ങേറി. കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളേജിലെ വിദ്യാര്‍ഥികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.
പരിപാടിയില്‍ അഴീക്കോട് മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ കെ വി രവിരാജ്, സ്വീപ് അഴീക്കോട് മണ്ഡലം നോഡല്‍ ഓഫീസര്‍ കെ ശ്രീജേഷ്, സ്വീപ് ചാര്‍ജ് ഓഫീസര്‍ സി എം ലത ദേവി, ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍ കെ സൂരജ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.