തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, കോളേജ് മാനേജ്‌മെന്റ് കമ്മറ്റി യോഗം കൂടി നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ മെഡിക്കല്‍ കോളേജുകളിലും നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ സിസിഎം യോഗം കൂടിയത്.
സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വാര്‍ത്തകള്‍ ആശുപത്രി അധികൃതരുമായി സ്ഥിരീകരിച്ചതിന് ശേഷം നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കോഴിക്കോട്ട് നിന്നും പുറത്തിറക്കിയ പ്രോട്ടോകോള്‍ അനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിസിഎം യോഗം തീരുമാനിച്ചു. പ്രത്യേക ഐസലേഷന്‍ വാര്‍ഡ്, 10 ഓളം പ്രത്യേക മുറികള്‍ എന്നിവ സജ്ജീകരിച്ചു. ഇതിനായി ഗവ. പേവാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വെന്റിലേറ്റര്‍ സഹായം ആവശ്യമുണ്ടെങ്കില്‍ ഈ റൂമില്‍ തന്നെ വെന്റിലേറ്റര്‍ സൗകര്യവും ഐസിയു സൗകര്യം ഒരുക്കുന്നതാണ്. ഇപ്പോഴത്തെ സ്ഥിതിക്ക് പ്രത്യേക ഐ.സി.യു. ആവശ്യമില്ലെന്നും യോഗം വിലയിരുത്തി.
അത്യാഹിത വിഭാഗത്തിലും പ്രത്യേക വാര്‍ഡിലും റൂമിലും സേവനമനുഷ്ടിക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നതായി ക്യാഷ്വാലിറ്റി സൂപ്രണ്ട് പറഞ്ഞു. എന്‍ 95 മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരാള്‍ എന്തെങ്കിലും സംശയം പ്രകടിപ്പിക്കുകയോ രോഗ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്താല്‍ ഉടനെ അവര്‍ക്ക് മാസ്‌ക് നല്‍കുകയും പ്രത്യേക മുറിയില്‍ വച്ച് പരിശോധിക്കുകയും ചെയ്യും.